ന്യൂഡല്‍ഹി : അടച്ചുപൂട്ടലിനെ തുടര്‍ന്ന് വീടുകളിലേക്ക് കിലോമീറ്ററുകളോളം നടന്നു പോവുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കാന്‍ രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം. പൊതുജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ട്വിറ്ററിലൂടെയാണ് കോണ്‍ഗ്രസ് നേതാവ് ആഹ്വാനം ചെയ്തിരിക്കുന്നത്.
‘ഇന്ന് നമ്മുടെ നൂറു കണക്കിന് സഹോദരി സഹോദന്മാര്‍ വിശന്നു വലഞ്ഞ കുടുംബത്തോടൊപ്പം അവരുടെ ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. അവരുടെ ഈ ദുര്‍ഘടമായ പാതയില്‍ നിങ്ങളില്‍ മതിയായ കഴിവുള്ളവര്‍ അവര്‍ക്ക് ഭക്ഷണവും വെള്ളവും അഭയവും നല്‍കണം.’ രാഹുല്‍ ട്വീറ്റ് ചെയ്തു. ഈ സഹായം പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍ നിന്നുമുണ്ടാകണമെന്നും രാഹുല്‍ പറഞ്ഞു.
ബുധനാഴ്ച മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റോഡുകളില്‍ കുടിയേറ്റ തൊഴിലാളികള്‍ കിലോമീറ്ററുകള്‍ താണ്ടുന്ന ദൃശ്യങ്ങളാണ് കാണുന്നത്. സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് കുടിയേറ്റ തൊഴിലാളികളെയാണ്. ദിവസവേതനത്തില്‍ തൊഴില്‍ ചെയ്ത് അതാത് ദിവസത്തെ അന്നം കണ്ടെത്തിയിരുന്ന ഇവര്‍ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തൊഴില്‍ നഷ്ടമായി. സ്വന്തം ഗ്രാമങ്ങളിലേക്ക് പോകുന്നതിന് പൊതുഗതാഗത സംവിധാനങ്ങളുമില്ല. പിഞ്ചുകുഞ്ഞുങ്ങളേയും തോളിലേന്തി അഞ്ഞൂറും അറുനൂറും കിലോ മീറ്റുകളാണ് ഇവര്‍ താണ്ടുന്നത്.