ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷത്തിലേക്ക് കടക്കവേ മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. രോഗവ്യാപനം കൂടുമ്പോള്‍ മോദി സര്‍ക്കാരിനെ കാണാനില്ലെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ‘ കോവിഡ് 20 ലക്ഷം കടക്കുമ്പോള്‍ മോദി സര്‍ക്കാറിനെ കാണാനേയില്ല”- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ആഗസ്റ്റ് 10 ആകുമ്പോഴേക്കും ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് രാഹുല്‍ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റ് പങ്കുവെച്ചുകൊണ്ടാണ് രോഗവ്യാപനമുണ്ടായപ്പോള്‍ മോദി സര്‍ക്കാര്‍ അപ്രത്യക്ഷമായെന്ന വിമര്‍ശനം. ജൂലൈ 17 ന് കോവിഡ് രോഗികളുടെ എണ്ണം 10 ലക്ഷം കടന്നപ്പോഴായിരുന്നു രാഹുല്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കുമെന്ന് ട്വീറ്റ് ചെയ്തത്. രോഗവ്യാപനം തടയാന്‍ സര്‍ക്കാര്‍ കൃത്യമായ പദ്ധതികള്‍ തയാറാക്കണമെന്നും രാഹുല്‍ ട്വിറ്റിലൂടെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1.96 ദശലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകത്ത് ദിനംപ്രതി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉണ്ടാകുന്നത് ഇന്ത്യയിലാണ്.