ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് വീണ്ടും രാഹുല്‍ ഗാന്ധി രംഗത്ത്. കേന്ദ്ര സര്‍ക്കാരിന്റെ പരാജയപ്പെട്ട നയങ്ങളാണ് കോവിഡിന്റെ രണ്ടാം വരവിന് കാരണമെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. കുടിയേറ്റ തൊഴിലാളികളോടും സാധാരണക്കാരോടും സര്‍ക്കാര്‍ അനീതിയാണ് കാണിക്കുന്നത്. രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം തടയുന്നതിനായി വാക്‌സിന്‍ കയറ്റി അയക്കുന്നത് നിര്‍ത്തിവെക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘പ്രതിരോധ കുത്തിവയ്പ്പ് വര്‍ധിപ്പിക്കുന്നതിനൊപ്പം സാധാരണക്കാരുടെ കൈകളില്‍ പണം എത്തിക്കേണ്ടത് ആവശ്യമാണ്. സാധാരണക്കാരന്റെ ജീവിതത്തിനും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും ഇത് അത്യാവശ്യമാണ്. എന്നാല്‍ തന്‍പ്രമാണിത്തമുള്ള സര്‍ക്കാരിന് നല്ല നിര്‍ദേശങ്ങളോട് അലര്‍ജിയാണ്’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യം കോവിഡിന്റെ രണ്ടാം വരവ് ഭീതിയില്‍ ആഴ്ന്നുകിടക്കുമ്പോള്‍ വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നത് നിര്‍ത്തിവെയ്ക്കണമെന്നും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി സോണിയ ഗാന്ധി ഇന്നു വിളിച്ച യോഗത്തിലും കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടെന്നും സോണിയ കുറ്റപ്പെടുത്തി.