ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തും. ആഗസ്റ്റ് 12, 13 തീയതികളിലാണ് സ്വന്തം മണ്ഡലത്തിലെ പര്യടനം. എംപിയായി തിരിച്ചെത്തിയ ശേഷമുള്ള രാഹുലിന്റെ ആദ്യ സന്ദര്‍ശനമാണിത്. മടങ്ങിവരവ് ആഘോഷമാക്കാന്‍ ഗംഭീര സ്വീകരണമൊരുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. 2019-ലെ മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസില്‍ രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിച്ച ഗുജറാത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചത്.
എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടി റദ്ദാക്കിയതായി ലോക്സഭാ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സ്ഥിരീകരിച്ചത്. മാര്‍ച്ച് 23 ന് ആണ് രാഹുലിനെ അയോഗ്യനാക്കിയത്. ‘ആഗസ്റ്റ് 12-13 തീയതികളില്‍ രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട്ടില്‍ ഉണ്ടാകും! ജനാധിപത്യം വിജയിച്ചതില്‍ വയനാട്ടിലെ ജനങ്ങള്‍ ആഹ്ലാദിക്കുന്നു. അവരുടെ ശബ്ദം പാര്‍ലമെന്റിലേക്ക് തിരിച്ചെത്തി. ! രാഹുല്‍ വെറുമൊരു എംപി മാത്രമല്ല, അവരുടെ കുടുംബാംഗവുമാണ്!’, രാജ്യസഭാംഗവും കോണ്‍ഗ്രസ് നേതാവുമായ കെസി വേണുഗോപാല്‍ ട്വിറ്ററില്‍ കുറിച്ചു.