തിരുവനന്തപുരം : കോൺഗ്രസ് അനുകൂല നിലപാടുകളുടെ പേരിൽ ആന്റോ ജോസഫിനെ പുകഴ്ത്തി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ആന്റോയ്ക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് രാഹുൽ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. എം.എൽ.എ ഷാഫി പറമ്പിലിനും ആന്റോ ജോസഫിനും ഒപ്പം നിൽക്കുന്ന ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ” സിനിമക്കാർ ആയാൽ ഇടതുപക്ഷം ആയിരിക്കണമെന്നും അല്ലെങ്കിൽ ‘കൂവി തോൽപ്പിക്കും’ എന്നുമുള്ള സാംസ്കാരിക ഗുണ്ടായിസത്തെ കഴിഞ്ഞ പല പതിറ്റാണ്ടായി പ്രതിരോധിക്കുന്ന മനുഷ്യനാണ് ആന്റോ ജോസഫ്. ഇപ്പോഴും ആ പഴയ കോട്ടയം ജില്ല കെ.എസ്.യു കമ്മിറ്റി സെക്രട്ടറിയുടെ മനസ്സോടെ കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ ഭാഗമായിരിക്കുന്നവൻ.
ഭരണത്തുടർച്ചയുടെ അഹങ്കാരത്തിൽ പിണറായി സർക്കാർ നില കൊള്ളുമ്പോഴും, നാളെകളിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായേക്കാവുന്ന വേട്ടയാടലുകളിൽ വ്യാകുലപ്പെടാതെ ഈ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ പി.ടിയുടെ നിലപാടുകൾ ഓർമ്മിപ്പിച്ച്, ഉമ തോമസ് എന്ന പഴയ കാല കെ.എസ്.യു നേതാവിന്റെ നേതൃപാടവത്തിൽ വിശ്വാസമർപ്പിച്ച് കോൺഗ്രസ്സ് പ്രത്യയ ശാസ്ത്ര പ്രസക്തിയുടെ പ്രാധാന്യമോർമിപ്പിച്ച് ആർജ്ജവത്തോടെ പരസ്യ നിലപാട് സ്വീകരിച്ച സിനിമാക്കാരൻ. പ്രിയ ആന്റോ ചേട്ടന്റെ ജന്മദിനം കൂടിയാണിന്ന്. ആന്റോ ചേട്ടനും, അദ്ദേഹത്തിന്റെ നിലപാടുകൾക്കും ആശംസകൾ, അഭിവാദ്യങ്ങൾ”. – രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ 25,016 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. തൃക്കാക്കര ഇതുവരെ കണ്ടതിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് കോൺഗ്രസിന്റെ ഏക വനിതാ എംഎൽഎയായി ഉമ നിയമസഭയിലേക്ക് എത്തുന്നത്. മുഖ്യമന്ത്രിയും മന്ത്രിസഭ ഒന്നാകെയും എംഎൽഎമാരും മണ്ഡലത്തിൽ തങ്ങി പ്രചാരണം നടത്തിയിട്ടും നിയമസഭയിൽ നൂറു സീറ്റ് എന്ന ലക്ഷ്യം നേടാൻ എൽഡിഎഫിനു കഴിഞ്ഞില്ല. 239 ബൂത്തുകളിൽ 24 ഇടത്തുമാത്രമാണ് എൽഡിഎഫിന്റെ ഡോ. ജോ ജോസഫ് ലീഡ് നേടിയത്.