ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനുമെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ച് ബീഹാറിലെ രാഹുല്‍ ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. നിങ്ങളുടെ പണം ബാങ്ക് അക്കൗണ്ടുകളിലിടുമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, സമ്പന്നരുടെ പോക്കറ്റുകളിലേക്കാണ് അത് പോയത്. കള്ളപണത്തിനെതിരെ പോരാടാന്‍ അവര്‍ ആഹ്വാനം ചെയ്തു. പക്ഷേ നോട്ട് നിരോധിച്ചപ്പോള്‍ ബാങ്കുകള്‍ക്ക് മുന്നിലുണ്ടായിരുന്ന ക്യൂവില്‍ നിങ്ങള്‍ അദാനിയെ കണ്ടോ? അവര്‍ എ.സി മുറികളില്‍ വിശ്രമത്തിലായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു.
സമ്പന്നര്‍ക്ക് വഴികാട്ടുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. ഇതിനായി കര്‍ഷകരേയും ചെറിയ കച്ചവടക്കാരെയും അവര്‍ ദ്രോഹിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് ജനവിരുദ്ധമായ കാര്‍ഷിക ബില്ലുകളെന്നും രാഹുല്‍ വ്യക്തമാക്കി.
ഗാല്‍വാനില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. ഇന്ത്യയുടെ 1,200 കിലോ മീറ്റര്‍ പ്രദേശം ചൈന കൈയടക്കി. എന്നിട്ടും ആരും ഇന്ത്യന്‍ ഭൂപ്രദേശത്തേക്ക് എത്തിയിട്ടില്ലെന്ന മോദിയുടെ പ്രസ്താവന രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണ്. ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ ലോക്ഡൗണിനെ തുടര്‍ന്ന് പലായനം ചെയ്യപ്പെട്ടപ്പോള്‍ അവരെ സഹായിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എത്തിയില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.