ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ മതിയാക്കി ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
കോവിഡ് വാക്‌സിന്റെ വ്യത്യസ്ത രീതിയിലുള്ള വിലനിര്‍ണയം അടക്കം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം. ഹിന്ദിയില്‍ മൂന്ന് വരികള്‍ മാത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്. ‘ഒരു പാട് ചര്‍ച്ച ചെയ്തു കഴിഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണം- അത്ര തന്നെ. ഇന്ത്യയെ ബി.ജെ.പി. പദ്ധതിയുടെ ബലിയാടാക്കുന്നത് നിര്‍ത്തിക്കോളൂ.’ രാഹുല്‍ മുന്നറിയിപ്പ് നല്‍കി .
കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മൂന്ന് തരത്തില്‍ വില നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരന്മാക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം സൗജന്യമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അതെ സമയം ഡല്‍ഹിയില്‍ രോഗികളുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ നിന്നും 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ അടിയന്തിരമായി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.