കട്ടപ്പന: ബിവറേജസ് ഔട്ട് ലെറ്റില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. കട്ടപ്പനയിലുള്ള ഔട്ട്‌ലെറ്റിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രി 9 മണിക്ക് നടന്ന പരിശോധനയില്‍ 85,000ത്തോളം രൂപ അനധികൃതമായി കണ്ടെത്തി. ഷോപ്പിലെ ജീവനക്കാരനായ അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നാണ് രൂപ കണ്ടെത്തിയത്. ഷോപ്പിലെ ജീവനക്കാര്‍ക്ക് നല്‍കുവാനായി റബര്‍ ബാന്‍ഡില്‍ പല കെട്ടുകളായി സൂക്ഷിച്ചിരിക്കുന്ന പണമാണ് അനീഷിന്റെ സ്‌കൂട്ടറില്‍ നിന്നും കണ്ടെടുത്തത്. കോട്ടയം വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.
മദ്യ കമ്പനികള്‍ തങ്ങളുടെ ബ്രാന്‍ഡുകളുടെ കച്ചവടം കൂട്ടുന്നതിനുവേണ്ടി ഷോപ്പിലെ ജീവനക്കാര്‍ക്ക് കൈക്കൂലിയായി നല്‍കുന്ന പണമാണിത്. കൂടാതെ ഷോപ്പിന്റെ ചുമതലയുള്ള ജയേഷ് അനികൃതമായി ഒരു ജീവനക്കാരനെ ഔട്ട് ലെറ്റില്‍ നിയമിച്ചിരിക്കുന്നതായും അനധികൃത മദ്യ കച്ചവടത്തിനായും പണപ്പിരിവിനായും ഇയാളെ ഉപയോഗിച്ച് വരുന്നതായും കണ്ടെത്തിയിട്ടുണ്ട്.