മുംബൈ: മഹാരാഷ്ട്രയിലെ റായ്ഘട്ടില്‍ തകര്‍ന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന അഞ്ചുവയസ്സുകാരനെ രക്ഷപ്പെടുത്തി. രാത്രിമുഴുവന്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കിടന്ന കുട്ടിയെ ചൊവ്വാഴ്ച ഉച്ചയോടെയാണ് കണ്ടെത്തിയത്.
മഹദിലെ താരക് ഗാര്‍ഡന്‍ എന്ന അഞ്ചുനിലയുള്ള കെട്ടിടമാണ് തകര്‍ന്നുവീണത്. ഒന്‍പതുപേരെ രക്ഷപ്പെടുത്തി. പതിനെട്ട് താമസക്കാരെക്കൂടി കണ്ടെത്താനുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
നാട്ടുകാരുടെ സഹായത്താല്‍ എന്‍ഡിആര്‍എഫും പോലീസും രക്ഷാപ്രവര്‍ത്തനം തുടര്‍ന്നുവരികയാണ്. ഗ്യാസ് കട്ടറുകള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ പൊട്ടിച്ചാണ് കുട്ടിയെ പുറത്തെടുത്തത്.
#WATCH: A 4-year-old boy was rescued from under the debris at the site of building collapse in Mahad, Raigad. #Maharashtra pic.twitter.com/polMUhzmqN
— ANI (@ANI) August 25, 2020
മുഹമ്മദ് നദീം ബംഗിയെന്ന കുട്ടിയെയാണ് രക്ഷപ്പെടുത്തിയത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടെങ്കിലും കുട്ടിയ്ക്ക് വലിയ പരിക്കുകള്‍ പറ്റിയിട്ടില്ല. കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
രക്ഷാപ്രവര്‍ത്തനം ശ്വാസമടക്കി പിടിച്ചു കണ്ടുനിന്ന നാട്ടുകാര്‍, കുട്ടിയെ പുറത്തെടുത്തപ്പോള്‍ ആര്‍പ്പുവിളിച്ചു. കുട്ടിയുടെ കുടുംബത്തിലെ ഒരു സ്ത്രീയും രണ്ട് കുട്ടികളും ഇനിയും അവശിഷ്ടങ്ങള്‍ക്കിടയിലുണ്ടെന്ന് കുട്ടിയുടെ അമ്മായി പറഞ്ഞു. അപകടത്തില്‍ രണ്ടുമരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്.