കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ പോലീസിന് അധികാരം നൽകുന്ന റെയിൽവേ നിയമത്തിലെ 145(എ) വകുപ്പിന്റെ ഭരണഘടനാ സാധുത ശരിവെച്ച് ഹൈക്കോടതി. യാത്രക്കാരുടെ സുരക്ഷയും പൊതുസമാധാനവും ഉറപ്പാക്കാൻ ഇത്തരം നിയമം അനിവാര്യമാണെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഏകപക്ഷീയമായി പെരുമാറുന്നത് ഒഴിവാക്കാൻ റെയിൽവേ മന്ത്രാലയം വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുള്ളതും കോടതി ചൂണ്ടിക്കാട്ടി. ട്രാവൽ കമ്പനി മാനേജിങ് ഡയറക്ടറായ കൊച്ചി സ്വദേശി കെ.എൻ. ശാസ്ത്രിയാണ് റെയിൽവേ നിയമത്തിലെ ഈ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് ഹർജി ഫയൽചെയ്തത്.
മദ്യപിച്ച അവസ്ഥ എന്താണെന്ന് നിയമത്തിൽ കൃത്യമായി നിർവചിച്ചിട്ടില്ലാത്തതിനാൽ റെയിൽവേക്ക് യാത്രക്കാരെ അനാവശ്യമായി ബുദ്ധിമുട്ടിക്കാനും യാത്ര തടയാനും അനിയന്ത്രിതമായ അധികാരം നൽകുന്നുവെന്നായിരുന്നു ഹർജിക്കാരന്റെ വാദം. ഈ വാദം അംഗീകരിക്കാതെ കോടതി ഹർജി തള്ളി. യാത്രക്കാരുടെ സുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനുമാണ് മുൻഗണനയെന്ന് റെയിൽവേ കോടതിയെ അറിയിച്ചു. ട്രെയിനിൽനിന്ന് വീണുള്ള അപകടങ്ങളിൽ ഭൂരിഭാഗവും മദ്യലഹരിയിലാണ്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കും ഭീഷണിയാണ്. ആളെ ബ്രീത്ത് അനലൈസർവഴി പരിശോധിച്ച്, മെഡിക്കൽ പരിശോധനയ്ക്കുംശേഷമേ നടപടികൾ സ്വീകരിക്കൂ എന്നും റെയിൽവേ വിശദീകരിച്ചു.
മദ്യപിച്ച ഒരാളെ ട്രെയിനിൽനിന്നോ സ്റ്റേഷനിൽനിന്നോ മാറ്റുന്നതിനുമുൻപ് രക്തപരിശോധന വേണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി പറഞ്ഞു. നടപ്പാക്കുന്ന രീതിയിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി ഒരു നിയമത്തെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.































