തൃശൂർ: 2019 -20 സാമ്പത്തിക വർഷത്തിലോ അതിന് മുമ്പോ അനുമതി കിട്ടിയിട്ടും ഇതുവരെ ഒരു പ്രവർത്തനവും തുടങ്ങാത്ത പദ്ധതികൾ ഒഴിവാക്കാനൊരുങ്ങി റെയിൽവേ. ദക്ഷിണ റെയിൽവേക്ക് കീഴിൽ ഇത്തരത്തിലുള്ള 155 പദ്ധതികളാണ് ഒരു പുരോഗതിയുമില്ലാതെ കിടക്കുന്നത്. ഇതിന്റെ കാരണം പരിശോധിക്കണമെന്നും ഈ പദ്ധതികൾ തുടരണമെങ്കിൽ ഇത്രയേറെ വൈകിയതിന് ന്യായമായ കാരണം അറിയിക്കണമെന്നും നിർമാണ വിഭാഗത്തോടും ഡിവിഷനുകളോടും ദക്ഷിണ റെയിൽവേ ആവശ്യപ്പെട്ടു. പ്രധാനമായും മേൽപാലങ്ങളും അടിപ്പാതകളുമാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളത്.
തിരുവനന്തപുരം ഡിവിഷനിൽ എറണാകുളത്തിനും ഷൊർണൂരിനുമിടയിൽ വടുതല, അങ്കമാലി യാർഡ്, കല്ലേറ്റുങ്കര പള്ളി, ആലത്തൂർ വേലൻകുട്ടി, നെല്ലായി, നന്തിക്കര, പുതുക്കാട്, തൈക്കാട്ടുശ്ശേരി, ഒല്ലൂർ യാർഡ്, തിരൂർ വേലുക്കുട്ടി, പൈങ്കുളം എന്നിവിടങ്ങളിലെ മേൽപാലങ്ങളോ അടിപ്പാതകളോ ഇക്കൂട്ടത്തിലുണ്ട്. ഇനി പുതിയ റെയിൽ പാതകൾ നിർമിക്കുമ്പോൾ ലെവൽ ക്രോസുകൾ ഒഴിവാക്കണമെന്നും അത്തരം ഇടങ്ങളിൽ മേൽപാലങ്ങളോ അടിപ്പാതകളോ പദ്ധതിയുടെ ഭാഗമായിത്തന്നെ വിശദ പദ്ധതി രേഖയിൽ ഉൾപ്പെടുത്തണമെന്നുമുള്ള പുതിയ നയരേഖ റെയിൽവേ ഈയിടെ പുറത്തിറക്കിയിരുന്നു.