പാലക്കാട്: ട്രെയിനില്‍ രാത്രി മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവര്‍ക്കെതിരെ നടപടി കര്‍ശനമാക്കാന്‍ റെയില്‍വേ. ട്രെയിനുകളില്‍ രാത്രി 10നു ശേഷം ഉച്ചത്തില്‍പാട്ടുവച്ചും ചര്‍ച്ച നടത്തിയും ആവശ്യമില്ലാതെ ലൈറ്റു ഓണ്‍ചെയ്തും മറ്റു യാത്രികരുടെ ഉറക്കം കെടുത്തുന്നവര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്.
ലംഘിക്കുന്നവര്‍ക്കെതിരെ സംഭവത്തിന്റെ ഗൗരവമനുസരിച്ച് പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. രാത്രിയാത്ര സംബന്ധിച്ച് നേരത്തെ ഇറക്കിയ വ്യവസ്ഥകളില്‍ ചിലത് പുതുക്കിയിട്ടുണ്ട്.
വ്യാപക പരാതികളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ക്കു റെയില്‍വേയുടെ നിര്‍ദ്ദേശങ്ങള്‍. കംപാര്‍ട്ടുമെന്റിലോ കോച്ചിലോ ഇരിക്കുന്ന യാത്രക്കാരന്‍ മൊബൈലില്‍ ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. ഉറക്കസമയത്ത് ലൈറ്റുകള്‍ ആവശ്യമില്ലാതെ ഓണ്‍ ചെയ്യരുത്. റിസര്‍വ് കോച്ചുകളില്‍, ഉറക്കസമയമായ രാത്രി 10 നും രാവിലെ ആറിനും ശേഷം താഴത്തെ ബര്‍ത്ത് മറ്റു യാത്രക്കാര്‍ക്കും ഇരിക്കാനുളളതാണ്. മുകള്‍ ബര്‍ത്ത് കിട്ടിയവര്‍ രാത്രി 10 നുശേഷം ലോവര്‍ ബര്‍ത്തില്‍ ഇരിക്കരുത്, എന്നിങ്ങനെയാണ് വ്യവസ്ഥകള്‍.