കൊല്ലം : ട്രെയിന്‍ യാത്രയ്ക്കിടെ റെയില്‍വേ ജീവനക്കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണ്ണം കവര്‍ന്നു. കവര്‍ച്ചയ്ക്കു ശേഷം മോഷ്ടാവ് ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടി രക്ഷപ്പെട്ടു. ചെങ്കോട്ടയില്‍ നിന്നും 11.35ന് കൊല്ലത്തേക്ക് പുറപ്പെട്ട ട്രെയിനില്‍ ഒറ്റക്കല്ലിനും ഇടമണ്ണിനും മധ്യേയുള്ള തുരങ്കത്തില്‍ 12.30 ന് ആണ് സംഭവം. മോഷ്ടാവിനെ പിന്‍തുടരുന്നതിനിടയില്‍ ട്രെയിനില്‍ വീണ് ജീവനക്കാരിയുടെ കൈയ്ക്ക് പരുക്കേറ്റു. പാമ്പന്‍കോവില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ രശ്മിയുടെ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്. എന്‍ജിനില്‍ നിന്നും മൂന്നാമത്തെ ബോഗിയിലായിരുന്നു രശ്മി യാത്ര ചെയ്തത്. ഈ ബോഗിയില്‍ മറ്റാരും ഉണ്ടായിരുന്നില്ല.
തെന്മലയില്‍ നിന്നുമാണ് മോഷ്ടാവ് ബോഗിയില്‍ പ്രവേശിച്ചത്. ട്രെയിന്‍ ഓടി ഒറ്റക്കല്‍ റെയില്‍വേ സ്റ്റേഷന്‍ പിന്നിട്ടതോടെ മോഷ്ടാവ് രശ്മിയുടെ അടുത്തെത്തി കത്തികാട്ടി പഴ്‌സിലുണ്ടായിരുന്ന സ്വര്‍ണ്ണം തട്ടിപ്പറിച്ചുകൊണ്ട് ഓടി. മോഷ്ടാവിനെ പിന്‍തുടര്‍ന്നപ്പോഴാണ് രശ്മി ട്രെയിനില്‍ വീണ് കൈയ്ക്ക് സാരമായി പരുക്കേറ്റത്. തുരങ്കത്തിന് സമീപത്ത് വേഗത കുറച്ച ട്രെയിനില്‍ന്നും മോഷ്ടാവ് ചാടി രക്ഷപ്പെട്ടു. ഉടന്‍തന്നെ രശ്മി പാമ്പന്‍കോവില്‍ സ്റ്റേഷനില്‍ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. അവിടെ നിന്നും ഇടമണ്‍ സ്റ്റേഷനിലേക്ക് സന്ദേശം കൈമാറി. ഇടമണ്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഇതേ ട്രെയിനില്‍ രശ്മിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ആര്‍പിഎഫും കേരള പോലീസും അന്വേഷണം ആരംഭിച്ചു.