ഡൽഹി : കൊവിഡ് കാരണം നിർത്തിവച്ച ട്രെയിൻ സർവീസുകൾ പുനഃരാരംഭിക്കാൻ ആലോചിച്ച് റെയിൽവെ. അടിയന്തിര സ്വഭാവമുള്ള യാത്രകളാണ് റെയിൽവെ വീണ്ടും തുടങ്ങാൻ ആലോചിക്കുന്നത്. കൂടിയ തുകയായിരിക്കും യാത്ര ചെയ്യുന്നവരിൽ നിന്ന് ഈ സർവീസുകളിൽ ഈടാക്കുക. ഈ ട്രെയിനുകൾ എണ്ണത്തിൽ കുറവായിരിക്കുമെന്നുമാണ് വിവരം.
ഇത്തരം സർവീസുകൾ നടത്താനുള്ള ശുപാർശ റെയിൽവേ മന്ത്രാലയത്തിന്റെ കൈയിലുണ്ട്. ഗ്രീൻ സോണുകളിൽ മാത്രമാകും ആദ്യം ട്രെയിൻ ഓടിക്കുക. ഹോട്ട് സ്‌പോട്ടുകൾ ഒഴിവാക്കുകയോ സ്റ്റോപ്പ് അനുവദിക്കാതിരിക്കുകയോ ചെയ്യും. യാത്രക്കാർ തിക്കിത്തിരക്കുമെന്നതിനാൽ ജനറൽ കമ്പാർട്ടുമെന്റുകൾ ഈ ട്രെയിനുകളിലുണ്ടാകില്ല. സ്ലീപ്പർ കോച്ചുകൾ മാത്രമായിരിക്കും ഈ ട്രെയിനുകളിലുണ്ടായിരിക്കുക. ടിക്കറ്റ് നിരക്കിൽ മുതിർന്ന പൗരന്മാർ, അംഗപരിമിതർ, വിദ്യാർത്ഥികൾ എന്നീ വിഭാഗങ്ങൾക്ക് ഇളവുകളും ഉണ്ടാകില്ല.