മാവേലിക്കര : വീതിയുള്ള മാവേലിക്കര-കുറ്റിത്തെരുവ് റോഡിൽ കോടതി ജംഗ്ഷന് തെക്കുവശമുള്ള ഇടുങ്ങിയ റെയിൽവേ അടിപ്പാത സുഗമമായ വാഹനഗതാഗതത്തിനു തടസ്സമുണ്ടാക്കുന്നു. റെയിൽപ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ അടിപ്പാത വന്നപ്പോൾ പഴയ അടിപ്പാതയാണ് അപകടസാധ്യത വർധിപ്പിക്കുന്നത്. പുതിയ അടിപ്പാത വാഹനഗതാഗതത്തിന് കൂടുതൽ വീതി ലഭിക്കത്തക്കവിധത്തിലാണു നിർമിച്ചിട്ടുള്ളത്. പഴയ അടിപ്പാതയുടെ ഇരുവശവും കോൺക്രീറ്റ് ഭിത്തികൾ റോഡിന്റെ വശങ്ങളിലേക്ക് ഇറങ്ങിനിൽക്കുന്ന രീതിയിലാണുള്ളത്. കഷ്ടിച്ച് ഒരു വലിയ വാഹനത്തിനു കടന്നുപോകാനുള്ള വീതിമാത്രമാണുള്ളത്.
തെരുവുവിളക്കുകൾ പ്രകാശിക്കാത്തതിനാൽ രാത്രിയിൽ ഈ ഭാഗത്ത് കനത്ത ഇരുട്ടാണ്. പാലത്തിന്റെ ഭിത്തികളിൽ റിഫ്ളക്ടറുകൾ ഘടിപ്പിക്കുകയോ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയോ ചെയ്താൽ താത്കാലികമായെങ്കിലും അപകടങ്ങൾ ഒഴിവാക്കാൻ കഴിയും. പഴയ അടിപ്പാത വീതികൂട്ടി പുനർനിർമിക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും റെയിൽവേ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അടിപ്പാത പുതുക്കിപ്പണിയാനുള്ള പദ്ധതിയില്ലെന്നാണ് റെയിൽവേയുടെ നിലപാട്. പൊതുമരാമത്ത് നിരത്തുവിഭാഗം അധികൃതരും അടിപ്പാതയുടെ വീതിക്കുറവു ചൂണ്ടിക്കാട്ടി പലതവണ റെയിൽവേക്ക് കത്തു നൽകിയിട്ടുണ്ട്.