അമ്പലവയൽ : കാലംതെറ്റിയുള്ള മഴ വയനാടൻ കാർഷികമേഖലയെ പ്രതിസന്ധിയിലാക്കി. ന്യൂനമർദത്തെത്തുടർന്ന് ഒക്ടോബറിൽ അതിതീവ്രമായ മഴയാണ് വയനാട്ടിൽപെയ്തത്. പ്രതീക്ഷിച്ചതിനെക്കാൾ 76 ശതമാനം മഴ അധികം പെയ്തതോടെ അടയ്ക്ക, കാപ്പി, നെല്ല് തുടങ്ങിയ വിളകളെ ബാധിച്ചു. നെൽച്ചെടികൾ കതിരിടുന്നകാലത്ത് ശക്തികുറഞ്ഞ മഴപോലും നെൽക്കർഷകരുടെ ചങ്കിടിപ്പുകൂട്ടും. അപ്പോഴാണ് ന്യൂനമർദംമൂലം മഴ സർവശക്തിയിൽ പെയ്തത്.
തെക്കുപടിഞ്ഞാറൻ കാലവർഷം പിൻവാങ്ങിയതിന് തൊട്ടുപിറകെ അതിശക്തമായ മഴയാണ് വയനാട്ടിൽപെയ്തത്. ഒരാഴ്ചയോളം തുടർച്ചയായി മഴപെയ്തു. ഒക്ടോബറിൽ ആകെ പ്രതീക്ഷിച്ചത് 195.8 മില്ലീമീറ്ററാണെങ്കിൽ പെയ്തത് 345.3 മില്ലീമീറ്റർ. സാധാരണ കാലവർഷത്തിനും തുലാവർഷത്തിനും ഇടയിലുള്ള തോർച്ച ഇക്കുറിയുണ്ടായില്ല. അപ്രതീക്ഷിതമായി പെയ്ത ശക്തമായ മഴയിൽ കർഷകരുടെ പ്രതീക്ഷകൾ തകിടംമറിഞ്ഞു.
കാലംതെറ്റിയ മഴ ഏലം, കാപ്പി, നെല്ല്, കുരുമുളക് തുടങ്ങി എല്ലാവിളകളുടെയും ഉത്പാദനത്തെ ബാധിച്ചു. കതിരിടുന്ന നെൽച്ചെടികളുടെ പോളയിൽ വെള്ളംനിറഞ്ഞ് പതിരായി മാറുന്നു. അടയ്ക്കയും കാപ്പിയും കൊഴിഞ്ഞുവീഴുന്നു. കാപ്പിച്ചെടികളുടെ ചുവട്ടിൽ വെള്ളം കെട്ടിനിന്ന് വേരുചീയുന്ന അവസ്ഥയുമുണ്ട്. ഇതോടെ ചെടിയൊന്നാകെ നശിച്ചുപോകുന്നു. കുരുമുളക് വള്ളികൾ മഞ്ഞനിറമായി മാറിക്കൊണ്ടിരിക്കുകയാണ്. മൂടുചീയൽ രോഗം കാരണം ഏലക്കർഷകരും വലയുകയാണ്. 2018-ലെ പ്രളയത്തിനുശേഷം കാലാവസ്ഥ തകിടംമറിഞ്ഞെന്ന് കർഷകർ പറയുന്നു. മണ്ണിന്റെ ഘടനയിലും വലിയ മാറ്റം വന്നു. എങ്ങനെ പിടിച്ചുനിൽക്കുമെന്ന് കർഷകന് നിശ്ചയമില്ല.
രണ്ടുപ്രളയം ഏലക്കർഷകർക്ക് വരുത്തിവെച്ചത് വലിയ നഷ്ടമാണ്. വിളവുനൽകിത്തുടങ്ങിയ ചെടികൾക്ക് മൂടുചീയൽരോഗം ബാധിച്ചത് രണ്ടുവർഷംകൊണ്ടാണ് മാറ്റിയെടുത്തത്. ഒട്ടും പ്രതീക്ഷിക്കാതെ വലിയ അളവിൽ മഴപെയ്തതോടെ രോഗം വീണ്ടും തലപൊക്കി. വിലസ്ഥിരതയില്ലാതെ വിഷമിക്കുന്നതിനിടയിലാണ് കാലാവസ്ഥയും ചതിച്ചത്. മൂപ്പൈനാട് പ്രദേശത്ത് ഏലക്കൃഷിയിൽ ശ്രദ്ധകൊടുത്ത നൂറിലധികം ചെറുകിടകർഷകർ രോഗം നിയന്ത്രിക്കാനാകാതെ പാടുപെടുകയാണ്.