കോട്ടയം: കോട്ടയം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി കലക്ടർമാർ പ്രഖ്യാപിച്ചു. അതേസമയം, കണ്ണൂരിലെ അവധി സർവകലാശാല, പിഎസ്‌സി പരീക്ഷകൾക്കു ബാധകമല്ല. പത്തനംതിട്ടയിൽ രണ്ടു താലൂക്കുകൾക്കും, മലപ്പുറം ജില്ലയിലെ പൊന്നാനി, ആലപ്പുഴയിലെ കുട്ടനാട് താലൂക്കുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എം.ജി. സര്‍വകലാശാലയുടെ നാളത്തെ എല്ലാ പരീക്ഷകളും മാറ്റി.
തൃശൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ കലക്ടർ അവധി പ്രഖ്യാപിച്ചു. പരീക്ഷകൾക്കു മാറ്റമില്ല. ഇടുക്കിയിൽ പ്രഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട് കനത്ത മഴ തുടരുന്നതിനാൽ ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാാളെ അവധി പ്രഖ്യാപിച്ച് ഉത്തരവായി.
അങ്കണവാടികൾ, ഐസിഎസ്ഇ / സിബിഎസ്ഇ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് അവധി ബാധകമല്ല. കോഴിക്കോട് ജില്ലയിൽ തീവ്ര മഴയുള്ളതിനാലും വ്യാഴാഴ്ചയും ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രഫഷനൽ കോളജ് ഉൾപ്പെടയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച (06-07-2023) അവധി പ്രഖ്യാപിക്കുന്നുവെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.