ബംഗളൂരു : കര്‍ണാടകയിലെ ബെലഗാവിയില്‍ കനത്ത മഴയെ തുടര്‍ന്ന് വീട് തകര്‍ന്ന് ഏഴുമരണം. ബാദല്‍ അങ്കലാഗി ഗ്രാമത്തില്‍ രാത്രിയിലാണ് സംഭവം. മരിച്ചവരില്‍ രണ്ടു കുട്ടികളും ഉള്‍പ്പെടും. ഇതില്‍ ഒരു കുട്ടി അയല്‍വാസിയുടേതാണ്. ഗംഗവ്വ ഖാനഗവി (50), സത്തേവ്വ ഖാനഗവി (45), സവിത ഖാനഗവി (28), ലക്ഷ്മി(15), അര്‍ജുന്‍ (45), പൂജ (എട്ട്), കാശവ്വ കോലെപ്പനവര്‍ (എട്ട്) എന്നിവരാണ് മരിച്ചത്. അഞ്ചുപേര്‍ സംഭവ സ്ഥലത്തുതന്നെ മരിച്ചിരുന്നു. രണ്ടുപേരെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
അത്താഴം കഴിഞ്ഞ് വിശ്രമിക്കുന്നതിനിടെയായിരുന്നു ദുരന്തം. കുട്ടികള്‍ ഉറങ്ങിയിരുന്നു. ഇതിനിടെ ഒരു വശത്തെ മതില്‍ ഇടിഞ്ഞ് വീഴുകയും വീട്ടുകാര്‍ അകപ്പെടുകയുമായിരുന്നു. മൂന്നുദിവസമായി പ്രദേശത്ത് കനത്ത മഴയാണ് പെയ്യുന്നത്. മരിച്ചവരുടെ കുടുംബത്തിന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അഞ്ചുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ മന്ത്രി ഗോവിന്ദ് കര്‍ജോളിനോട് സംഭവസ്ഥലം സന്ദര്‍ശിക്കാന്‍ നിര്‍ദേശിച്ചു. ജില്ല പോലീസ് ഡെപ്യൂട്ടി കമീഷണറുടെ നേതൃത്വത്തില്‍ എല്ലാ നടപടിക്രമങ്ങള്‍ പാലിക്കാനും ആവശ്യപ്പെട്ടു.