മഴക്കാലം വന്നതോടെ മഴക്കാല രോഗങ്ങളെപറ്റിയുള്ള ആധിയും ഏറുകയാണ്. എന്നാല്‍, കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ അവയെ പൂര്‍ണമായും തടയാനാന്‍ കഴിയും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം. മഴയൊന്നു പെയ്തു തുടങ്ങിയിട്ടേയുള്ളൂ. ചൂടില്‍നിന്ന് ഉള്ളു കുളിര്‍ക്കുമ്പോഴേക്കും പനിക്കാലവും വന്നെത്തിയിരിക്കുന്നു. മുമ്പെങ്ങുമില്ലാത്തവിധം കേരളം ഇപ്പോള്‍ പകര്‍ച്ചവ്യാധികളുടെ വിളനിലമാണെന്നാണ് ആരോഗ്യ, ശാസ്ത്ര മേഖലയിലുള്ളവരുടെ വിലയിരുത്തല്‍. സാധാരണ മണ്‍സൂണ്‍ രോഗങ്ങളുടെ പട്ടികയില്‍ ഇന്ന് പ്രധാനി പനി തന്നെയാണ്.
ഓരോ ദിവസവുമെന്നോണം പുതിയതരം പനികള്‍ രംഗത്തുവരുന്നു. അല്‍പ്പം ജാഗ്രത പാലിച്ചാല്‍ പനിയില്‍നിന്ന് രക്ഷ നേടാനും, അല്‍പം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ പനി ബാധിച്ച് മരണം സംഭവിക്കുന്നതും നമുക്ക് തടയാനാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചികിത്സിച്ച് ഭേദപ്പെടുത്താന്‍ കഴിയാത്ത പനി ഇല്ലെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ചികിത്സ യഥാസമയം ലഭിക്കണമെന്നു മാത്രം. പനിയെ സാധാരണരോഗമായി ഇന്നു കരുതാനാകില്ല. വിവിധതരം വൈറല്‍ പനികള്‍ സജീവമായ ഇക്കാലത്ത് പനി ബാധിച്ചാല്‍ ചികിത്സ നിര്‍ബന്ധമാണ്. എച്ച് 1 എന്‍ 1 എന്ന പന്നിപ്പനി, ചികുന്‍ഗുനിയ, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി, അഞ്ചാംപനി, മഞ്ഞപ്പനി, റോസ് റിവര്‍ ഫീവര്‍ എന്നിവയാണ് പനികളിലെ വില്ലന്മാര്‍. പന്നിപ്പനി, എലിപ്പനി, ഡെങ്കിപ്പനി, മലമ്പനി എന്നിവയാണ് കൂടുതല്‍ പേരുടെയും ജീവന്‍ കവരുന്നത്.
ജലജന്യ രോഗങ്ങള്‍: കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹൈപ്പറ്റൈറ്റിസ് A&E) അക്യൂട്ട്, ഡയേറിയല്‍ ഡിസീസ് (ADD) എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. ഛര്‍ദി, അതിസാരം (കോളറ) : വിബ്രിയോ കോളറെ’ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. കുടിവെള്ളത്തിലൂടെ ഇത് ശരീരത്തിലത്തെുകയും കടുത്ത ഛര്‍ദിയും അതിസാരവും ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്രകാരം അമിതമായതോതില്‍ ശരീരത്തിലെ ജലവും ലായകങ്ങളും നഷ്ടപ്പെടുകയാണെങ്കില്‍ അത് രോഗിയുടെ മരണത്തിനുവരെ ഇടയാക്കുന്നു. ഒ.ആര്‍.എസ് ലായനിയുടെ ഉപയോഗത്തിലൂടെ ശരീരത്തിലെ നഷ്ടപ്പെട്ട ജലം ഒരളവ് വരെ നിലനിര്‍ത്താനാവും.
അക്യൂട്ട് ഡയേറിയല്‍ ഡിസീസ് : ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തിന്‍െറ രണ്ടാമത്തെ കാരണം വയറിളക്ക രോഗങ്ങളാണ്. ഓരോവര്‍ഷവും അഞ്ചു വയസ്സില്‍ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികളാണ് ഇതുകാരണം മരിക്കുന്നത്. ശരീരത്തില്‍ നിന്നുള്ള അമിതജലനഷ്ടമാണ് ഈ രോഗത്തെ ഇത്രയും മാരകമാക്കുന്നത്. ഒരുദിവസം മൂന്നോ അതില്‍ കൂടുതലോ തവണ ഇളകി മലം പോവുകയാണെങ്കില്‍ അതിനെ വയറിളക്കമായി കണക്കാക്കാം.
ടൈഫോയിഡ് : ‘സാല്‍മൊണെല്ല’ എന്ന ബാക്ടീരിയ പരത്തുന്ന ടൈഫോയിഡ് പനി, മലിനജലത്തിലൂടെയും രോഗിയുടെ വിസര്‍ജ്യത്തിന്‍െറ അംശമടങ്ങിയ ഭക്ഷണപദാര്‍ഥത്തിലൂടെയുമാണ് പകരുന്നത്. ആഴ്ചകള്‍ നീണ്ട് നില്‍ക്കുന്ന കടുത്തപനി, നാസാരന്ത്രങ്ങളിലൂടെയുള്ള രക്തപ്രവാഹം, കടുത്ത വയറുവേദന, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. തുറസ്സായ സ്ഥലങ്ങളിലുള്ള വിസര്‍ജനം, വൃത്തിരഹിതമായ ജീവിതരീതി, കൈകഴുകാതെ ഭക്ഷണം കഴിക്കല്‍ എന്നിവ ഈ രോഗം വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
മഞ്ഞപ്പിത്തരോഗങ്ങള്‍ : ഹെപ്പറ്റെറ്റിസ് എ, ഇ എന്ന രോഗാണു ശരീരത്തില്‍ കയറി രണ്ട്-ആറ് ആഴ്ച കഴിഞ്ഞാലേ രോഗലക്ഷണങ്ങള്‍ പൂര്‍ണമായും വെളിവാകൂ. ക്ഷീണം, പനി, ഓക്കാനം, വിശപ്പില്ലായ്മ, കണ്‍വെള്ളയിലും തൊലിപ്പുറത്തും മഞ്ഞനിറം പ്രത്യക്ഷപ്പെടുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
കൊതുക് പരത്തുന്ന പകര്‍ച്ചവ്യാധികള്‍ : ചിക്കന്‍ ഗുനിയ വാക്കിന് പുരാതന മകോണ്‍ഡെ ഭാഷയില്‍ വളഞ്ഞ് പുളയുക എന്നാണ് അര്‍ഥം. വേദന കാരണം രോഗി ഇപ്രകാരം ചെയ്യുന്നതിനാലാണ് ആ പേര് ലഭിച്ചത്. ഈഡിസ് കൊതുകുകള്‍ വാഹകരായുള്ള ഈ രോഗത്തിന്‍െറ പ്രഥമലക്ഷണം മൂന്ന് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടു നില്‍ക്കുന്ന പനിയാണ്. തുടര്‍ന്ന് കൈകാലുകളിലെ സന്ധികളില്‍ അസഹ്യമായ വേദന ഉടലെടുക്കുന്നു.ആഴ്ചകളോ മാസങ്ങളോ ഈ വേദന നിലനില്‍ക്കാം.
ഫ്‌ളു അഥവാ വൈറല്‍ പനി : പകര്‍ച്ചപ്പനിയെന്ന പേരില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് ബാധിക്കുന്ന പനിയാണ് വൈറല്‍ പനി. ഇതിനെ ഫഌ എന്നാണ് സാധാരണ വിളിക്കാറ്. മഴക്കാലത്ത് കുട്ടികളിലാണ് ഇത് ഏറ്റവും കൂടുതലായി ബാധിക്കുന്നത്. റൈനോ, അഡിനോ, കൊറോണാ വൈറസുകളാണ് രോഗം പരത്തുന്നത്. ചെറിയ പനി, തലവേദന, മൂക്കൊലിപ്പ്, തൊണ്ടയില്‍ കുരുകുരുപ്പ് എന്നിവയാണ് ലക്ഷണങ്ങള്‍. പേശീവേദന പോലുള്ള ഉപദ്രവകരമായ ലക്ഷണങ്ങള്‍ ഈ പനിക്കില്ല. ജലദോഷപ്പനിയെന്നറിയപ്പെടുന്ന ഇവ നാലോ അഞ്ചോ ദിവസത്തെ ചികിത്സകൊണ്ട് പൂര്‍ണമായും സുഖം പ്രാപിക്കും. വായുവിലൂടെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പകരുന്നതാണ് ഈ പനി. ഡെങ്കിപ്പനി :‘ഈഡിസ് ഈജിപ്തി’ കൊതുകുകള്‍ പ്രധാന വാഹകരായുള്ള വൈറല്‍ പനിയാണ് ഡെങ്കിപ്പനി. കടുത്ത പനി, തലവേദന, പേശിയിലേയും സന്ധിയിലേയും വേദന, തൊലിപ്പുറത്തെ തിണര്‍പ്പുകള്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.