റാന്നി : തീർത്ഥാടന കാലം ആരംഭിച്ചിട്ടും മേലുകര-ബ്ലോക്കുപടി പാതയിലെ പുതമണ്ണിലെ താത്കാലികപാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായില്ല. റാന്നിയിൽ നിന്നും കോഴഞ്ചേരിയിലെത്താന്‍ രണ്ട് പാതകള്‍ ഉണ്ടെങ്കിലും യാത്രാദുരിതം വിട്ട് ഒഴിയാതെ ജനങ്ങള്‍ വലയുന്നു. പമ്പാനദിക്ക് സമാന്തരമായി ഇരുകര വഴിയും റാന്നിയിൽ നിന്നും കോഴഞ്ചേരിക്ക് പാതയുണ്ട്. ഇതില്‍ ബ്ലോക്കുപടി-മേലുകര പാതയിലെ പുതമണ്ണില്‍ പാലം തകര്‍ന്നതിനാല്‍ ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്. മേനാംതോട്ടം ചെറുകോല്‍പ്പുഴ വഴിയുള്ള രണ്ടാം പാത അറ്റകുറ്റപണികള്‍ തീരാത്തതിനാല്‍ തകര്‍ന്ന് യാത്ര ദുഷ്ക്കരമായ അവസ്ഥയിലുമാണ്. പുതമണ്ണില്‍ തകര്‍ന്ന പാലത്തിന് പകരം പുതിയ പാലം നിര്‍മ്മിക്കാന്‍ തീരുമാനം ആയെങ്കിലും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതേയുള്ളു. ഇതുവഴി ഗതാഗതത്തിന് ബദല്‍മാര്‍ഗമായി താത്കാലികപാത ഒരുക്കുന്ന ജോലികള്‍ ആരംഭിച്ചെങ്കിലും നിര്‍മ്മാണം ഇഴയുകയാണ്. തോട്ടില്‍ സ്ഥാപിക്കുന്നതിനുള്ള പൈപ്പുകള്‍ ലഭ്യമാകാത്തതാണ് മുന്‍പ് കാരണം പറഞ്ഞതെങ്കില്‍ ഇപ്പോള്‍ അത് മഴയെ ചുറ്റിപ്പറ്റിയായി.
ഇഴഞ്ഞുനീങ്ങുന്ന താത്കാലിക പാതയുടെ നിർമ്മാണം നീളുന്നതു മൂലം ദൂരെ ദിക്കുകളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ത്ഥാടകരാണ് വലയുന്നത്. പുതമൺ പാലം അടച്ചതോടെ പ്രദേശമാകെ ഒറ്റപ്പെട്ട നിലയിലാണ്. കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചു വേണം വിദ്യാർഥികൾക്കും മറ്റുള്ളവര്‍ക്കും ബസ് കയറാൻ. ജനുവരി 26-ന് പാലം അടച്ചശേഷം ഗതാഗതം തിരിച്ചുവിട്ടത് ചെറുകോൽപ്പുഴ റോഡിലേക്കാണ്. അതോടു കൂടി ഈറോഡ് തകർന്നനിലയിലാണ്.പുതമണ്ണിലെ പെരുന്തോടിനുള്ളിൽ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ട് നിർമ്മിക്കുന്ന പാത മഴപെയ്തതോടെ ചെളിക്കുഴിയായി മാറിട്ടുണ്ട്. പൈപ്പിടുന്ന തിനായി തോടിന് നടുവിൽ കല്ലടുക്കുന്ന നടപടി പുരോഗമിക്കുന്നതേയുള്ളു. ശബരിമല തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പരമ്പരാഗത പാതയാണ് ചെറുകോല്‍പ്പുഴ വഴിയുള്ളത്. ചെറുകോൽപ്പുഴ-റാന്നി പാത വാഹനഗതാഗതം കൂടിയതിനെ തുടർന്ന് സഞ്ചാരയോഗ്യമല്ലാതായി. റോഡിലെ ചെറിയ കുഴികൾ വലിയ കുഴികളായി രൂപപ്പെട്ടു. മഴ വെള്ളം കെട്ടിക്കിടക്കുന്നതുമൂലം ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും നിരന്തരമായി അപകടത്തിൽപ്പെടുന്ന സാഹചര്യമാണ്.
ഉന്നത നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ച പാതയാണിത്. പാതയുടെ വീതിയെ ചൊല്ലി ഇരുവിഭാഗങ്ങളുടെ തർക്കത്തിൽ കുരുങ്ങിയാണ് പുനർനിർമാണം എങ്ങും എത്താതായത്. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കോഴഞ്ചേരി-ചെറുകോൽപ്പുഴ-റാന്നി റോഡ് 13.6 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ 54.61 കോടി രൂപയാണ് അനുവദിച്ചത്. വീതികൂട്ടുന്നതിനായി ഭൂമി ഏറ്റെടുത്ത ഘട്ടത്തിൽ 10.5 മീറ്റര്‍ വീതിയില്‍ പാത വികസിപ്പിച്ചാൽ മതിയെന്ന് ഒരുകൂട്ടർ ആവശ്യപ്പെടുകയും എത്ര വീതി വേണമെന്നത് സംബന്ധിച്ച് തർക്കം ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. പേരിനുപോലും ഓടയില്ലാത്ത റോഡിൽ 10.5 മീറ്ററിൽ വികസിപ്പിച്ചാൽ വെള്ളക്കെട്ടിൽ പാത തകരുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും തര്‍ക്കം പരിഹരിക്കാന്‍ ഇടപെടുന്നുണ്ടെങ്കിലും തീരുമാനം ഒന്നുമാകുന്നില്ല. പുനര്‍നിര്‍മ്മാണം നടക്കാത്ത സാഹചര്യത്തില്‍ പാതയുടെ അറ്റകുറ്റപ്പണിക്കായി 60 ലക്ഷം അനുവ ദിച്ചെങ്കിലും കനത്ത മഴ കാരണം അതും മുടുങ്ങിയ നിലയിലാണ്.