കാസര്‍ഗോഡ് : ഡല്‍ഹിയില്‍ ഇപ്പോള്‍ നടക്കുന്നത് അമിത്ഷായുടെ റിമോട്ട് കണ്ട്രോള് ഭരണമാണെന്നും ഡല്‍ഹിയിലെ കലാപത്തിന് ആര്‍എസ്എസ്-ബജ്രംഗ്ദള് പ്രവര്‍ത്തകരെത്തിയത് യുപിയില്നിന്നാണെന്നും രാജമോഹന്‍ ഉണ്ണിത്താന് എംപി പറഞ്ഞു. 52 പേരുടെ കൊലപാതകത്തിനിടയാക്കിയ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ടു പാര്‍ലമെന്റില്‍ മറുപടി പറയാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും സ്പീക്കറും ഒളിച്ചോടുകയായിരുന്നുവെന്നും ഉണ്ണിത്താന് കുറ്റപ്പെടുത്തി .
പൗരത്വ നിയമഭേദഗതിക്കെതിരേ പ്രതിഷേധിക്കാനുള്ള എല്ലാ അവകാശവും രാജ്യത്തെ പൗരന്മാര്ക്കുണ്ട്. കോടതിപോലും ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. പാര്‍ലമെന്റില്‍ വരാത്ത അമിത് ഷാ സ്പീക്കറുടെ ഓഫീസില്‍ സ്ഥിരമായി എത്താറുണ്ടെന്നും അവിടെനിന്നു റിമോട്ട് കണ്ട്രോള് ഭരണമാണു നടത്തുന്നതെന്നും ഇതിന്റെ ഭാഗമാണു താനടക്കമുള്ള ഏഴ് കോണ്‍ഗ്രസ് എംപിമാരെ ലോക്സഭാ നടപടികളില്‍നിന്നു സസ്പെന്‍ഡ് ചെയ്തതെന്നും ഉണ്ണിത്താന് ആരോപിച്ചു.