ചെന്നൈ : രാജ്യത്ത് സമാധാനം നിലനിർത്താൻ ഏത് പങ്കും വഹിക്കാൻ തയ്യാറാണെന്ന് തമിഴ് നടന്‍ രജനീകാന്ത്. ഏതാനും മുസ്‌ലിം സംഘടനയിലെ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്തിന്റെ പ്രതികരണം.
” രാജ്യത്തിന്റെ സമാധാനം നിലനിർത്താൻ ഏത് പങ്ക് വഹിക്കാനും ഞാൻ തയ്യാറാണ്. ഒരു രാജ്യത്തിന്റെ പ്രധാന ലക്ഷ്യം സ്നേഹം, ഐക്യം, സമാധാനം എന്നിവ ആയിരിക്കണമെന്ന അവരുടെ (മുസ്‌ലിം സംഘടനാ നേതാക്കളുടെ) അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ” രജനീകാന്ത് ട്വീറ്റ് ചെയ്തു.
ഡൽഹി കലാപത്തെ അപലപിച്ചുകൊണ്ട് നേരത്തെ തന്നെ രജനീകാന്ത് രംഗത്തെത്തിയിരുന്നു. കേന്ദ്രത്തിനെതിരെയും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. സമാധാനപരമായി നടന്ന പ്രതിഷേധമാണ് അക്രമത്തിലേക്ക് വഴിമാറിയതെന്നും ഇതിന്റെ ഉത്തരവാദിത്തം കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിനാണെന്നുമായിരുന്നു രജനീകാന്ത് പറഞ്ഞിരുന്നത്. ഡൽഹി സര്‍ക്കാര്‍ കലാപം ഉരുക്കുമുഷ്ടി കൊണ്ട് അടിച്ചമര്‍ത്തണം. കലാപം നേരിടുന്നതില്‍ കേന്ദ്ര അഭ്യന്തരമന്ത്രാലയം പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ 46 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഇരുനൂറിലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാല് ദിവസം നീണ്ടുനിന്ന അക്രമങ്ങളിൽ നിരവധി പേരെയാണ് കാണാതായിരിക്കുന്നത്. പരിക്കേറ്റവർക്കും കൊല്ലപ്പെട്ടവർക്കും നഷ്ടപരിഹാരം നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ പ്രഖ്യാപിച്ചിട്ടുണ്ട്.