ചെന്നൈ : കേളമ്പാക്കത്തേക്ക് രജനീകാന്ത് യാത്ര ചെയ്തതുമായി ബന്ധപ്പെട്ടു വിവാദം തുടരുന്നു. ചെങ്കൽപെട്ട് ജില്ലയിലെ കേളമ്പാക്കത്തുള്ള ഫാം ഹൗസിലേക്കു കുടുംബത്തോടൊപ്പമാണു താരം കാറിൽ യാത്ര ചെയ്തത്. എന്നാൽ ജില്ലാന്തര യാത്രയ്ക്ക് പാസ് വേണമെന്നതിനാൽ പാസ് എടുത്തിരുന്നോ എന്ന ചോദ്യമുയർന്നു. ഇതുമായി ബന്ധപ്പെട്ട് രജനീകാന്ത് എടുത്ത പാസ് ഇന്നലെ പുറത്തു വന്നു.
എന്നാൽ യാത്ര ചെയ്ത ദിവസവും പാസിലെ തീയതിയും വ്യത്യസ്തമാണെന്നതാണ് രസകരം. 21നാണു രജനീകാന്ത് കേളമ്പാക്കത്തേക്കു പോയത്. പാസിലെ തീയതിയാകട്ടെ 23 ആണ്. മെഡിക്കൽ എമർജൻസി എന്ന നിലയിലാണു പാസ് അനുവദിച്ചിരിക്കുന്നത്. പാസ് എടുക്കാതെ യാത്ര ചെയ്തതുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നതോടെ പിന്നീട് പാസ് എടുത്തതാണെന്ന് ഇതോടെ വിമർശനം ഉയർന്നു. സ്വദേശത്തേക്കു മടങ്ങാനാകാതെ ഒട്ടേറെപ്പേർ വിവിധ ഇടങ്ങളിൽ കുടുങ്ങിക്കിടക്കുമ്പോൾ പാസില്ലാതെ യാത്ര അനുവദിച്ചതിലെ അമർഷവും പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.