ഡൽഹി: രാജസ്ഥാനിലൂടെ സർവീസ് നടത്തുന്ന ആദ്യ വന്ദേ ഭാരത് എക്സ്പ്രസ് നാളെ ഫ്ലാഗ് ഓഫ് ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി ജയ്പൂരിൽ വച്ചാണ് ഫ്ലാഗ് ഓഫ് കർമ്മം നിർവഹിക്കുക. സംസ്ഥാനത്ത് നടപ്പിലാക്കുന്ന ആദ്യ വന്ദേ ഭാരത് ട്രെയിൻ എന്ന പ്രത്യേകതയും ഇവയ്ക്ക് ഉണ്ട്. കൂടാതെ, ഏപ്രിൽ മാസത്തിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന നാലാമത്തെ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. രാജസ്ഥാനിൽ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ആരംഭിക്കുന്നതോടെ ജയ്പൂരിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാ സമയം രണ്ട് മണിക്കൂറായി ചുരുങ്ങുന്നതാണ്.
ഇത് യാത്ര സുഗമമാക്കാൻ സഹായിക്കും. ഡൽഹിയിൽ നിന്നും സർവീസ് നടത്തുന്ന അഞ്ചാമത്തെ ട്രെയിനാണ് നാളെ ഫ്ലാഗ് ഓഫ് ചെയ്യുക. നിലവിൽ, ജയ്പൂരിനും ഡൽഹിയിൽ ഇടയിൽ അതിവേഗ സർവീസ് നടത്തുന്നത് രാജധാനി എക്സ്പ്രസാണ്. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി 75 ആഴ്ചകളിൽ 75 വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി. ഈ മാസം ചെന്നൈ- കോയമ്പത്തൂർ, സെക്കന്ദരാബാദ്- തിരുപ്പതി, ഡൽഹി- ഭോപ്പാൽ എന്നീ റൂട്ടുകളിലേക്ക് സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്.