ശബരിമല : കേന്ദ്ര ഐടി വകുപ്പ് സഹ മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ശബരിമല ദര്‍ശനം നടത്തി. ബാംഗളൂര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നിന്ന് ഇരുമുടിക്കെട്ട് നിറച്ച് ബുധനാഴ്ച സന്ധ്യയോടെ പത്തനംതിട്ടയിലെത്തിയ അദ്ദേഹം പിറ്റേന്ന് രാവിലെ പമ്പയില്‍ നിന്ന് കാല്‍നടയായി സന്നിധാനത്തേക്ക് മല കയറി. ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്കൊപ്പം പതിനെട്ടാം പടി ചവിട്ടി സന്നിധാനത്ത് എത്തിയ അദ്ദേഹം സ്വാമി ദര്‍ശനം നടത്തി ഉച്ചയോടെ കാല്‍നടയായിത്തന്നെ മലയിറങ്ങി.
തന്റെ ജീവിതത്തിലെ ഇരുപത്തിയാറാമത്തേതും മന്ത്രി ആയതിനു ശേഷം ആദ്യത്തേതുമായ ശബരിമല ദര്‍ശനമാണിതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അടുത്തിടെയുണ്ടായ ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ക്കിടയിലും അയ്യപ്പന്റെ അനുഗ്രഹത്താല്‍ ദര്‍ശനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. വൈകുന്നേരത്തോടെ കൊച്ചിയിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് ദല്‍ഹിക്ക് മടങ്ങി.