തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും നേരിടേണ്ടി വന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ തയ്യാറാകാതെ, ആ മാധ്യമപ്രവർത്തകയെത്തന്നെ പ്രതിയാക്കി കേസെടുത്തത് മതമൗലികവാദ ശക്തികൾക്ക് യുഡിഎഫ് സർക്കാർ കീഴടങ്ങിയതിന്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചും സമത്വത്തെക്കുറിച്ചും ഒരുഭാഗത്ത് രാഹുൽ ഗാന്ധി വാചാലനാകുമ്പോൾ, കേരളത്തിലെ കോൺഗ്രസ് സർക്കാർ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസെടുക്കുന്നു.
ആർട്ടിക്കിൾ 19 പ്രകാരം ഭരണഘടന നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ് മാധ്യമ പ്രവർത്തകയായ അപർണ്ണ കുറുപ്പിന് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ മതമൗലികവാദ സംഘടനാ പ്രവർത്തകർക്കെതിരെ എടുത്ത കേസുകളിലെ തുടർനടപടികൾ ആഭ്യന്തര വകുപ്പ് പൂർണ്ണമായും നിർത്തിവെച്ചിരിക്കുകയാണ്. കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തെക്കുറിച്ച് ചർച്ച നയിച്ച മാധ്യമപ്രവർത്തകയെ ആക്രമിച്ച പ്രതിക്കെതിരെയുള്ള നടപടികൾ സർക്കാർ മരവിപ്പിച്ചത് മുസ്ലീം ലീഗ്, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ മതമൗലിക സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
മാധ്യമപ്രവർത്തകയെ ഭീഷണിപ്പെടുത്തിയ വ്യക്തിക്കെതിരെ കേസെടുത്തപ്പോൾ മുസ്ലിം ലീഗ് എംഎൽഎമാർ തന്നെ പരസ്യമായി ആഭ്യന്തര വകുപ്പിനെതിരെ രംഗത്തുവരികയും, അവരെ ഭയന്ന് ആഭ്യന്തര വകുപ്പ് നടപടികൾ റദ്ദാക്കുകയുമാണുണ്ടായത്. താലിബാൻ ഭരണത്തെ അനുസ്മരിപ്പിക്കുന്ന ഇത്തരം നടപടികൾക്കാണ് കേരളം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.































