തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ സിപിഐക്ക് താല്പര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ കാറിൽ ഒപ്പം കൂട്ടിയ സംഭവത്തിൽ പരോക്ഷ വിമർശനമുന്നയിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജാതിഭ്രാന്തിന്റെ രാഷ്ട്രീയം പറയുന്നവരുമായി ഒരു കാലത്തും സിപിഐ സന്ധി ചെയ്തിട്ടില്ലെന്നും അത്തരം ശ്രമങ്ങൾക്ക് പാർട്ടി ശ്രമിച്ചിട്ടില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. സമൂഹത്തിലെ വിപ്ലവകരമായ മാറ്റങ്ങളുടെ ആദ്യ ശബ്ദമായിരുന്ന ശ്രീനാരായണ ഗുരുവിന്റെ പാത പിന്തുടരുന്നവർ എന്ന് അവകാശപ്പെടുന്നവർ തന്നെയാണ് ഗുരു ഒരിക്കലും അംഗീകരിക്കാത്ത ജാതീയതയുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.
ഇവർ തന്നെയാണ് കേരളത്തിൽ അന്ധമായ ഇസ്‌ലാമോഫോബിയ പരത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമീപകാലത്തെ കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ വിവാദ പരാമർശത്തെയും ബിനോയ് വിശ്വം വിമർശിച്ചു. ഇസ്‌ലാം എന്നാൽ സ്ത്രീവിരുദ്ധമാണെന്ന് പറയുന്ന പണ്ഡിതന്മാരുടെ നിലപാടുകളെ കമ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും അംഗീകരിക്കില്ല. കാലം മാറുകയാണ് ലോകം മാറുകയാണ്. മതാധിപത്യത്തിന്റെ പഴയ ശാസനകൾ അംഗീകരിക്കാൻ തയ്യാറാകാത്ത ഒരു പുതിയ തലമുറ ഇന്ന് വളർന്നുവരുന്നുണ്ട്. തട്ടമിട്ട എത്രയോ പെൺകുട്ടികളാണ് ഇന്ന് മതഭ്രാന്തിന്റെ തിട്ടൂരങ്ങളെ തള്ളിപ്പറയുന്നത്. പത്താം ക്ലാസ് കഴിഞ്ഞാൽ ഉടനെ വിവാഹം എന്ന പഴയ രീതികളിൽ നിന്ന് മാറി, ഉന്നത വിദ്യാഭ്യാസത്തിനായി ഡൽഹിയിലടക്കം ക്യാമ്പസുകളിൽ പോയി പഠിക്കാൻ അവർ തയ്യാറാകുന്നു.
ഇത് ഏതെങ്കിലും മതം ഉണ്ടാക്കിയ മാറ്റമല്ല, മറിച്ച് അറിവ് ആ കുട്ടികളിൽ ഉണ്ടാക്കിയ മാറ്റമാണ്. കമ്യൂണിസ്റ്റ് പാർട്ടി എക്കാലത്തും ഈ സ്ത്രീപക്ഷത്തിനൊപ്പമാണെന്നും അവരുമായി സംവദിക്കാൻ പാർട്ടി എപ്പോഴും ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു. മതങ്ങളെയും മതവിശ്വാസങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടി മാനിക്കുന്നുണ്ടെങ്കിലും മതഭ്രാന്തുമായി ഒരിക്കലും സന്ധി ചെയ്യില്ല. സിപിഐ തികച്ചും സംവാദങ്ങളുടെയും ചർച്ചകളുടെയും പാർട്ടിയാണ്. ഏത് സഖാവിനും പാർട്ടി ഘടകത്തിൽ ഭയമില്ലാതെ വിമർശനങ്ങൾ ഉന്നയിക്കാനും സ്വന്തം അഭിപ്രായങ്ങൾ തുറന്നു പറയാനുമുള്ള പൂർണ സ്വാതന്ത്ര്യമുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.































