ഭോപ്പാൽ: മധ്യപ്രദേശിൽ ഐഎഎസ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റിയത് ഒരു വർഷത്തിനിടെ നാല് തവണ. 2011 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ നേഹ മാര്‍വ്യയെയാണ് തുടര്‍ച്ചയായ നാല് പ്രാവശ്യം സ്ഥലം മാറ്റിയത്. നടപടിയില്‍ അതൃപ്തി അറിയിച്ച് നേഹ മാര്‍വ്യ ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) അസോസിയേഷന് പരാതി നൽകി. രണ്ടോ മൂന്നോ മാസമാണ് തന്റെ കാലാവധിയെന്നും ഈ സഹാചര്യത്തില്‍ എങ്ങനെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നും നേഹ മാര്‍വ്യ പരാതിയിൽ ചോദിച്ചു. കീഴുദ്യോഗസ്ഥര്‍ക്ക് പോലും തന്നെ എളുപ്പത്തിൽ ഇരയാക്കാൻ കഴിയുന്ന സാഹചര്യമാണുള്ളത്. കീഴുദ്യോഗസ്ഥരുടെ ഭീഷണിയിലും പ്രതിഷേധത്തിലുമാണ് പുതിയ സ്ഥലം മാറ്റമുണ്ടായത്. സാധാരണ വകുപ്പുതല നടപടികളെ ബഹുമാന പൂര്‍വ്വമാണ് സ്വീകരിക്കുന്നത്.
എന്നാല്‍ ഇത്തവണ താൻ കടുത്ത അവഹേളനമാണ് നേരിട്ടതെന്നും നേഹ പറഞ്ഞു. ‘ഗൂഢാലോചനക്കാര്‍ എപ്പോഴും വിജയിക്കും, ഞാന്‍ പരാജയപ്പെടും. സിസ്റ്റം എന്നെ പരാജയപ്പെടുത്തി. ഇന്ന് ഞാന്‍, നാളെ മറ്റൊരാൾ, നേഹ പറഞ്ഞു.ട്രൈബല്‍ ഏരിയ ഡെവലപ്മെന്റ് പ്രോജക്ട് ഡയറക്ടറായി ചുമതലയേറ്റ് രണ്ട് മാസത്തിനുള്ളിലാണ് നേഹയെ സ്ഥലം മാറ്റിയത്. കീഴുദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ അവര്‍ക്കെതിരെ പ്രതിഷേധം നടത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. 2025 ജനുവരിയില്‍, ഡിന്‍ഡോറി കളക്ടറായി ചുമതലയേറ്റ നേഹയെ എട്ട് മാസത്തിനകം സ്ഥലം മാറ്റിയിരുന്നു.































