പത്തനംതിട്ട : ഇന്ത്യക്ക് പുതിയ മുഖവും ദിശാബോധവും നല്‍കി ഇരുപത്തിഒന്നാം നൂറ്റാണ്ടിലേക്ക് നയിച്ച നേതാവായിരുന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധി എന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധിയുടെ എഴുപത്തി ആറാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സദ്ഭാവനാ ദിനാചരണ പരിപാടികള്‍ രാജീവ് ഭവനില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ എല്ലാ ഗ്രാമങ്ങളിലും ടെലിഫോണും റേഡിയോയും സാദ്ധ്യമായ സ്ഥലങ്ങളില്‍ ടെലിവിഷനും എത്തിച്ച ഡിജിറ്റല്‍ ഇന്ത്യയുടെ പിതാവുകൂടിയാണ് രാജീവ് ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് രാജീവ് ഗാന്ധി രക്തസാക്ഷിത്വം വഹിച്ചതെന്നും അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുവാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം, വി. ആര്‍ സോജി, ബ്ലോക്ക് പ്രസിഡന്റ് അബ്ദുള്‍ കലാം ആസാദ്, പത്തനംതിട്ട ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് സജി അലക്‌സാണ്ടര്‍, ദേശീയ കായിക വേദി ജില്ലാ പ്രസിഡന്റ് സലിം പി ചാക്കോ, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.കെ ഇക്ബാല്‍, ഡി.സി.സി അംഗം ബിനു മൈലപ്ര, ബിനോജ് തെന്നാടന്‍, ബാസിത് താക്കറെ എന്നിവര്‍ പ്രസംഗിച്ചു.