പത്തനംതിട്ട : മൊബൈൽ ഫോൺ ഇല്ലാത്തതുമൂലം പത്താം ക്ലാസിലെ പഠനം മുടങ്ങിപ്പോയ വിദ്യാര്‍ഥിനിക്ക് പുത്തന്‍ മൊബൈല്‍ ഫോണുമായി രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍.
കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ച് വായനയുടെയും വിദ്യാഭ്യാസത്തിന്റെയും മഹത്വം സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച, കേരളം കണ്ട ക്രാന്തദർശിയായ പി എൻ പണിക്കരുടെ ഓര്‍മ്മ വായനാദിനമായി ആചരിക്കുമ്പോള്‍ പഠനോപകരണങ്ങള്‍ ഇല്ലാത്തതിന്റെ പേരില്‍ മനസ്സു തേങ്ങുന്ന നിരവധി ബാല്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ടെന്ന് രാജിവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയര്‍മാന്‍ നഹാസ് പത്തനംതിട്ട പറഞ്ഞു.
വായനാദിനം ആഘോഷമാക്കുന്ന ഈ ദിവസം തന്നെയാണ് മൊബൈൽ ഫോൺ ഇല്ലാത്തതുമൂലം പത്താം ക്ലാസിലെ പഠനം മുടങ്ങി പോയ ഒരു ബാലികയെക്കുറിച്ച് രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ അറിയുന്നത്. ഫോൺ ഇല്ല, വൈദ്യുതി ഇല്ല, ചോദിച്ചിട്ട് ആരും പുസ്തകം തരുന്നില്ല, തുടങ്ങി പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ പ്രതിധാനം ചെയ്യുന്ന ആ കുട്ടിക്ക് പറയുവാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
രാഹുൽ ഗാന്ധിയുടെ ജന്മദിനം കൂടിയായ ഇന്ന് രാജിവ് യൂത്ത് ഫൗണ്ടേഷൻ പ്രവര്‍ത്തകര്‍ മൊബൈൽ ഫോണും മറ്റ് പഠനോപകരണങ്ങളും പുത്തനുടുപ്പുകളുമായി വിദ്യാര്‍ഥിനിയുടെ വീട്ടിലെത്തി ആ കുഞ്ഞുകൈകളിലേക്ക് അതൊക്കെ കൈമാറി. കോന്നി സെൽ സ്റ്റോറി മൊബൈൽ ഹബ് ഉടമ അനീഷാണ് മൊബൈൽ ഫോൺ സ്പോൺസർ ചെയ്തത്. കേരള കോപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ജോഷ്വാ മാത്യൂ, കോൺഗ്രസ്സ് തണ്ണിത്തോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷെമീർ തടത്തിൽ, ജിനു ജിനേഷ്, സുമേഷ് ആങ്ങമൂഴി എന്നിവർ പങ്കെടുത്തു.