തിരുവനന്തപുരം : അമ്പലമുക്കില്‍ ചെടിക്കടയില്‍ ജോലി ചെയ്തിരുന്ന യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടുംകുറ്റവാളിയെന്ന് പോലീസ്. ഇരട്ടക്കൊലക്കേസിലെ പ്രതിയാണ് രാജേഷ് എന്ന് വിളിക്കുന്ന രാജേന്ദ്ര. 2014ല്‍ കസ്റ്റംസ് ഓഫീസറെയും ഭാര്യയേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. ഒന്നരവര്‍ഷത്തോളം ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതിനുശേഷം പുറത്തിറങ്ങി മറ്റ് ചില കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
മോഷണം നടത്തുമ്പോള്‍ ആരെങ്കിലും തിരിച്ച് ആക്രമിക്കാനോ പ്രതിരോധിക്കാനോ ശ്രമിച്ചാല്‍ ഇവരെ വകവരുത്തുന്നതാണ് ഇയാളുടെ രീതി. തമിഴ്നാട്ടില്‍ റൗഡിലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയാണ് ഇയാള്‍. ഡിസംബറിലാണ് രാജേന്ദ്ര തിരുവനന്തപുരത്തെത്തിയത്. രാജേഷ് എന്ന പേരില്‍ പേരൂര്‍ക്കടയിലെ ഒരു ചായക്കടയില്‍ ജോലിക്ക് കയറി. കത്തിയുമായാണ് നടപ്പ്. ചെടിച്ചട്ടി വേണമെന്നാവശ്യപ്പെട്ടാണ് ഇയാള്‍ വിനീത ജോലിക്ക് നില്‍ക്കുന്ന കടയിലെത്തിയത്. ഏത് തരത്തിലുള്ള ചെടിച്ചട്ടി വേണമെന്ന് ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ കഴിഞ്ഞില്ല. ഇതോടെ യുവതിക്ക് സംശയം തോന്നി. നിലവിളിക്കാന്‍ ശ്രമിച്ചതോടെയാണ് ആക്രമിച്ചത്. മരണം ഉറപ്പാക്കിയ ശേഷമാണ് മാലപൊട്ടിച്ച് കടന്നുകളഞ്ഞത്. കഴിഞ്ഞ ഞായറാഴ്ചയാണ് വിനീത കൊല്ലപ്പെട്ടത്.