മേജര്‍ മുകുന്ദ് വരദരാജിന്റെ കഥ പറയുന്ന ശിവകാര്‍ത്തികേയന്‍ ചിത്രം ‘ അമര’ ന് അഭിനന്ദനങ്ങളുമായി രജനികാന്ത്. ശിവകാര്‍ത്തികേയനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും നേരിട്ടെത്തിയാണ് രജനികാന്ത് അഭിനന്ദനം അറിയിച്ചത്. രാജ് കമല്‍ ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അമരന്‍ കണ്ടതിന് ശേഷം രജനികാന്ത് ചിത്രത്തിന്റെ നിര്‍മാതാവും തന്റെ സുഹൃത്തുമായ കമല്‍ഹാസനുമായി ഫോണില്‍ സംസാരിക്കുകയും അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു.
രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിള്‍സ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മരണാനന്തരം അശോക് ചക്ര നല്‍കി ആദരിക്കപെട്ട വ്യക്തിയാണ് മുകുന്ദ് വരദരാജ്. 2014ല്‍ തെക്കന്‍ കശ്മീരിലെ ഒരു ഗ്രാമത്തില്‍ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നല്‍കിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂര്‍ത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജര്‍ മുകുന്ദ് വരദരാജന്റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് മലയാളിയാണ്.