തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. കേരളത്തിലെ പുതിയ രാഷ്ട്രീയ നേതൃത്വം ബിജെപിയുടേതാവുമെന്നും യൂണിഫോം സിവില്‍ കോഡ് നടപ്പിലാക്കുമെന്നും രാജ്‌നാഥ് സിംഗ് തിരുവനന്തപുരത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ രാജ്‌നാഥ് സിംഗ് വര്‍ക്കലയിലെ റോഡ് ഷോയിലും പങ്കെടുത്തു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുയര്‍ന്ന രാഷ്ട്രീയ വിവാദങ്ങളില്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് നിലപാട് വ്യക്തമാക്കി. ജനങ്ങളുടെ ആവശ്യം മനസിലാക്കാന്‍ എല്‍ഡിഎഫിനും യുഡിഎഫിനും കഴിയുന്നില്ലെന്നും ഇരുവരും തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്നുവെന്നും രാജ്നാഥ് സിംഗ് വിമര്‍ശിച്ചു.
എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ കേസെടുത്തത് നിര്‍ഭാഗ്യകരമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. കേരളത്തില്‍ തീവ്രവാദ കേസുകള്‍ വര്‍ധിച്ചു വരുന്നത് ഗൗരവത്തോടെ കാണുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. രാജ്നാഥ് സിംഗിന്റെ കേരളത്തിലെ ആദ്യ റോഡ് ഷോ വര്‍ക്കലയില്‍ നടന്നു. വലിയ ആവേശത്തോടെയാണ് പ്രവര്‍ത്തകര്‍ രാജ്നാഥ് സിംഗിനെ സ്വീകരിച്ചത്. തുടര്‍ന്ന് ശിവഗിരി മഠത്തിലും രാജ്നാഥ് സിംഗ് സന്ദര്‍ശനം നടത്തി. കോട്ടയം, ത്യശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്ത് രാത്രിയോടെ കേന്ദ്ര മന്ത്രി ഡല്‍ഹിക്ക് മടങ്ങും.