തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ വെള്ളിയാഴ്ച്ച നിശ്ചയിക്കും. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വെച്ചായിരിക്കും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലായതിനാല്‍ അദ്ദേഹം ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുക്കും.
മൂന്നു സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 30 നാണ് തെരഞ്ഞെടുപ്പ്. ചൊവ്വാഴ്ച്ച മുതലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ടത്. മൂന്ന് സീറ്റുകളില്‍ ഒരു സീറ്റ് സി.പി.എം. സഹയാത്രികനായ ചെറിയാന്‍ ഫിലിപ്പിന് നല്‍കാനാണു സാധ്യത. കഴിഞ്ഞതവണ ചെറിയാന്റെ പേര് സജീവമായി ഉയര്‍ന്നെങ്കിലും രാജ്യസഭയില്‍ പാര്‍ട്ടി നേതാവായി പ്രവര്‍ത്തിക്കാന്‍ മുതിര്‍ന്ന നേതാവിനെ അയക്കണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എളമരം കരീമിന് സീറ്റ് നല്‍കുകയായിരുന്നു.
മറ്റൊരു സീറ്റിലേക്ക് ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍, തോമസ് ഐസക്, മുതിര്‍ന്ന നേതാവായ ജി. സുധാകരന്‍ എന്നിവരെ ആരെയെങ്കിലും പരിഗണിക്കാം. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്റെ പേരും പരിഗണിക്കാന്‍ സാധ്യതയുണ്ട്. സി.പി.എം. തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസാണ് പരിഗണനയിലുള്ള മറ്റൊരാള്‍.