കോന്നി : റംബൂട്ടാൻ മൊത്ത വിലകുത്തനെ ഇടിയുകയും ചില്ലറ വില്പന വില രണ്ടിരട്ടി വർധിക്കുകയും ചെയ്തിട്ടും റംബൂട്ടാൻ കിട്ടാനില്ലാത്തത് വിപണിയേ സാരമായി ബാധിക്കുന്നു. മൊത്ത വ്യാപാരികൾ കഴിഞ്ഞ വർഷം കിലോയ്ക്ക് 140 മുതൽ 160 വരെ വിലയ്ക്കാണ് കർഷകരിൽ നിന്ന് വാങ്ങിയിരുന്നത്. എന്നാൽ ഈ സീസണിൽ ഇത് 100 രൂപയായി കുറഞ്ഞു. എന്നാൽ ചില്ലറ കച്ചവടക്കാർ കിലോയ്ക്ക് 100 രൂപയ്ക്ക് മൊത്ത കച്ചവടക്കാരിൽ നിന്ന് വാങ്ങുന്ന റംബൂട്ടാൻ 200 രൂപയ്ക്കാണ് പൊതു ജനങ്ങൾക്ക് വിൽക്കുന്നത്. എന്നാൽ മൊത്ത വില ഇടിഞ്ഞതോടെ ഇടനിലക്കാരാണ് കൂടുതൽ പ്രതിസന്ധിയിലായത്. കർഷകരിൽ നിന്ന് വിലകൊടുത്ത് വാങ്ങുന്ന റംബൂട്ടാൻ മരങ്ങൾ വലയിട്ട് നിർത്തിയ ശേഷം പാകമായ പഴങ്ങൾ വിളവെടുക്കാൻ ചെല്ലുമ്പോൾ പകുതിയിലേറെ കൊഴിഞ്ഞ് വലക്കുള്ളിൽ വീഴുന്ന കാഴ്ചയാണ് കണ്ട് വരുന്നത്.
വിളഞ്ഞ് പാകമാകുന്ന ഫലങ്ങൾ ആണ് ഇത്തരത്തിൽ കൂടുതൽ നഷ്ടപ്പെടുന്നത്. ഇത് മൊത്ത കച്ചവടക്കാർക്ക് വലിയ നഷ്ടമാണ് സൃഷ്ടിക്കുന്നത്. കൂടാതെ തത്ത, വവ്വാൽ, അണ്ണാൻ, കുരങ്ങ് തുടങ്ങിയ ജീവികളുടെ ശല്യത്തിലും റംബൂട്ടാൻ പഴങ്ങൾ പകുതിയിൽ കൂടുതലും നഷ്ടപെടുന്നുണ്ട്. റംബൂട്ടാൻ വലയിട്ട് വിളവെടുക്കുമ്പോഴേക്കും വലിയ നഷ്ടമാണ് സംഭവിക്കുന്നത് എന്ന് കച്ചവടക്കാർ പറയുന്നു. എന്നാൽ റംബൂട്ടാൻ ഈ തവണ കഴിഞ്ഞ വർഷത്തേക്കാൾ കുറവായതിനാൽ റംബൂട്ടാൻ പഴത്തിന് വില വർധിക്കും എന്നാണ് സൂചന. പക്ഷേ റംബൂട്ടാൻ കിട്ടാനില്ലാത്തത് പ്രതിസന്ധിയായാൽ വില വർധിച്ചിട്ടും കർഷകർക്കോ മൊത്ത കച്ചവടക്കാർക്കോ പ്രയോജനമില്ലാത്ത അവസ്ഥയാകുമുണ്ടാവുക. തായ്ലൻ്റാണ് റംപൂട്ടാൻ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന രാജ്യം. മലായ് ദീപ സമൂഹങ്ങൾ ജന്മദേശമായ ഈ പഴത്തിന് നിബിഡം എന്ന അർഥം വരുന്ന റമ്പൂട്ട് എന്ന മലായി വാക്കിൽ നിന്നാണ് ഈ പേര് ലഭിച്ചത്.