തിരുവല്ല : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മാര്‍ത്തോമ സഭാ അസ്ഥാനത്ത് എത്തി. സഭാ അധ്യക്ഷന്‍ തിയഡോഷ്യസ് മെത്രാപ്പോലീത്തയുമായി ചര്‍ച്ച നടത്തിയ ശേഷം ഇരവരും മടങ്ങി. തിരുവല്ലയിലെ സഭാ ആസ്ഥാനത്തായിരുന്നു ചര്‍ച്ച. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പിന്തുണ തേടിയാണ് ഇവരുവരും സഭാ ആസ്ഥാനത്തെത്തിയത്. കഴിഞ്ഞ ദിവസം ഇരുനേതാക്കളും ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തിയിരുന്നു.
പത്തനംതിട്ട ജില്ലയിലെ നിര്‍ണായക വിഭാഗമാണ് മാര്‍ത്തോമ സഭ. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഭയ്ക്ക് അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. ജില്ലാ പഞ്ചായത്തിലെ പ്രാതിനിധ്യം സംബന്ധിച്ചായിരുന്നു തര്‍ക്കം. ഇത്തരത്തിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുകയും പിന്തുണ ഉറപ്പാക്കുകയുമാണ് ചെന്നിത്തലയുടേയും ഉമ്മന്‍ചാണ്ടിയുടേയും സന്ദര്‍ശന ലക്ഷ്യം.
സഭയുടെ പ്രാധാന്യം മനസ്സിലാക്കേണ്ടതുണ്ടെന്ന് തിയഡോഷ്യസ് മെത്രാപ്പോലീത്ത ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. സഭയെ പരിഗണിക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ജനങ്ങളെ പരിഗണിക്കുന്ന നേതൃത്വമുണ്ടായിരിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. സഭയ്ക്ക് രാഷ്ട്രീയമില്ല. എന്നാല്‍ ജനങ്ങളുടെ കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നവരെ തിരിച്ചറിയാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരേയും കാണുന്നതിന്റെ ഭാഗമായിട്ടാണ് എത്തിയതെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു.