തിരുവനന്തപുരം : അഡീഷണൽ പിഎ അയ്യപ്പനെ കസ്റ്റംസ് വിളിച്ചുവരുത്താതിരിക്കാൻ നിയമത്തിന്റെ പഴുത് ദുരുപയോഗം ചെയ്ത സ്പീക്കർ പി ശ്രീരാമകൃഷ്ണൻ കേരളത്തെ അപമാനിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എംഎൽഎമാർക്ക് കിട്ടുന്ന സുരക്ഷ ഏത് സാഹചര്യത്തിലാണ് പി എയ്ക്ക് ലഭിക്കുന്നത്? സ്പീക്കർ തുടക്കം മുതലേ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. സ്പീക്കറെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ നോട്ടീസ് നിയമസഭ ചർച്ച ചെയ്യാനിരിക്കുകയാണ്.
സ്പീക്കർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിനാണ് പേടിക്കുന്നത്? ധൈര്യമുണ്ടെങ്കിൽ അന്വേഷണം നേരിടുകയല്ലേ വേണ്ടത്? സ്പീക്കർ സ്വന്തം ഓഫീസ് ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. അഴിമതിയും ധൂർത്തും നടത്തിയ ആളാണ് സ്പീക്കർ. ആ അഴിമതി പുറത്തുവരും. അതിന് വേണ്ടിത്തന്നെയാണ് വീണ്ടും സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിന് വേണ്ടി എം ഉമ്മർ എംഎൽഎ നോട്ടീസ് നൽകിയിരിക്കുന്നത്.
സർക്കാരിന്റെ അഴിമതികൾ ഓരോന്നായി പുറത്തുവരികയാണെന്ന് ചെന്നിത്തല പറയുന്നു. രാജ്യദ്രോഹക്കുറ്റത്തിന് പിന്തുണ കൊടുത്ത സർക്കാരാണിത്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെ ദുരുപയോഗപ്പെടുത്തി. കേരളം കണ്ട ഏറ്റവും വലിയ അഴിമതികൾ പ്രതിപക്ഷം പുറത്തുകൊണ്ടുവന്നു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ പേരിൽ ഈ അഴിമതി ഒലിച്ചുപോയി എന്നാരും കരുതേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഈ അഴിമതികളെല്ലാം പ്രതിഫലിക്കും. പ്രതിപക്ഷം അപക്വനിലപാടെടുക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ആരാണ് അപക്വനിലപാടെടുക്കുന്നതെന്ന് ജനം കാണുകയല്ലേ എന്നും ചെന്നിത്തല മറുപടി നൽകി.