മലപ്പുറം : ആഴക്കടൽ മത്സ്യ ബന്ധന വിവാദത്തിൽ മുഖ്യമന്ത്രിയുടെ നുണ പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. ആഴക്കടൽ മത്സ്യ ബന്ധന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന് വ്യക്തമായി. ആഴക്കടൽ ഗൂഡാലോചന നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. തീരദേശത്തെ വിൽക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എല്ലാ ഇടപാടുകളിലും മുഖ്യമന്ത്രിയുടെ അറിവും നേതൃത്വവും ഉണ്ടായിരുന്നു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്‍റെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിവാദ കരാറുകള്‍ക്കെല്ലാം ഒപ്പിട്ടത്. ഇപ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമായി തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ആഴക്കടല്‍ മല്‍സ്യബന്ധനത്തിനായി അമേരിക്കന്‍ കമ്പനിയുമായി കെഎസ്ഐഎൻസി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കാൻ ഇടയുണ്ടെന്ന ഫയൽ ഉൾപ്പടെയുള്ള രേഖകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.