തിരുവനന്തപുരം : ലൈഫ് മിഷന്‍ പദ്ധതിയില്‍ മുഖ്യമന്ത്രിയ്ക്കും ധനമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. റെഡ്ക്രസന്റ്-യൂണിടെക് പദ്ധതിയില്‍ സര്‍ക്കാരിന് പങ്കില്ലെന്നും ഭൂമി കൊടുത്തത് മാത്രമേയുള്ളുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന പച്ചക്കള്ളമാണ്. സര്‍ക്കാരിന്റെ കൂടി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് റെഡ്ക്രസന്റ് യൂണിടെകിന് കരാര്‍ നല്‍കിയത്. വന്‍തോതില്‍ കോഴ നല്‍കിയതിനെ തുടര്‍ന്നാണ് യുണിടെകിന് കരാര്‍ നല്‍കിയത്. അതില്‍ ലൈഫ് മിഷന്‍ ചെയര്‍മാനായ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. പറഞ്ഞത് പരിപൂര്‍ണമായ കള്ളമാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിക്ക് എങ്ങനെ അധികാരത്തില്‍ തുടരാനാവും- ചെന്നിത്തല വാര്‍ത്താസമേള്ളനത്തില്‍ ഉന്നയിച്ചു. യുണിടെക് കോഴ നല്‍കിയത് ഒരു കോടിയല്ല, നാലേകാല്‍ കോടിയാണെന്ന് വ്യക്തമാക്കിയത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. അത് വ്യക്തമാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്നതാണ്. തനിക്കും ഇക്കാര്യമറിയാമെന്ന് ധനകാര്യമന്ത്രിയും പറഞ്ഞിട്ടുണ്ട്. ഇതോടെ വസ്തുതകള്‍ കൂടുതല്‍ ബലപ്പെടുന്നു. അതിനെ നിയമമന്ത്രി എ.കെ ബാലനും ശരിവെച്ചിരിക്കുകയാണ്. ഇവര്‍ക്കെല്ലാം കോഴയുമായി ബന്ധപ്പെട്ട കാര്യം അറിയാമെന്ന് വ്യക്തമാണ്.
ധനമന്ത്രി തോമസ് ഐസകിന് സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ ലൈഫ് മിഷനില്‍ നാലേകാല്‍ കോടിയുടെ കോഴ നടക്കുന്നുവെന്ന് അറിഞ്ഞാല്‍ അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കേണ്ട ഉത്തരവാദിത്തമുണ്ടായിരുന്നു. അദ്ദേഹം കോഴയ്ക്ക് സാക്ഷിയായി മാറി. കോഴ സാക്ഷിയെന്നാണ് അദ്ദേഹത്തെ വിളിയ്ക്കാന്‍ കഴിയുക. ഈ മന്ത്രിയാണോ സംസ്ഥാനത്ത് നികുതിവെട്ടിപ്പുകാരെ പിടിക്കുന്നത്. അദ്ദേഹം ഭരിക്കുമ്പോഴാണ് ട്രഷറിയില്‍ വെട്ടിപ്പ് നടക്കുന്നത്. അദ്ദേഹം അവതരിപ്പിക്കുന്ന ധനകാര്യ ബില്ലിന് എന്ത് അംഗീകാരമാണുള്ളത്. എത്ര കോഴ വാങ്ങിയുള്ള ധനകാര്യ ബില്ലും ബജറ്റുമായിരിക്കും അദ്ദേഹം അവതരിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ ഉന്നതതലത്തില്‍ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ഈ അഴിമതി. ഈ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്ക് മാറിനില്‍ക്കാന്‍ കഴിയുമോ. ഫയലുകള്‍ വിളിപ്പിച്ചുവെന്ന വാര്‍ത്ത കണ്ടു. അത് ആളുകളെ കബളിപ്പിക്കാനുള്ള ബുദ്ധിയാണ്. ഇത്രയും കാലം താനൊന്നുമറിഞ്ഞില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്താനുള്ള തട്ടിപ്പാണ്.
പ്രളയ ദുരിതാശ്വാസത്തിനായി നടത്തിയ മുഖ്യമന്ത്രി യു.എ.ഇയില്‍ എത്തി നടത്തിയ ചര്‍ച്ചയുടെ ഭാഗമായാണ് ലൈഫ് മിഷന്‍ പദ്ധതിക്ക് പണം നല്‍കാന്‍ റെഡ് ക്രസന്റ് തയ്യാറായത്. അവര്‍ കേരളത്തില്‍ വന്ന് ചര്‍ച്ച നടത്തി. ധാരണപത്രം ഒപ്പുവെച്ചു. അതിന്റെ ഒരു കോപ്പി ചോദിച്ചിട്ട് പ്രതിപക്ഷ നേതാവിന് ഇതുവരെ തന്നിട്ടില്ല എന്നു പറയുമ്പോള്‍ എന്തു ജനാധിപത്യ മര്യാദയാണ് പാലിക്കുന്നത്. രണ്ട് കാബിനറ്റ് മന്ത്രിമാരും മാധ്യമ ഉപദേഷ്ടാവും നാലേകാല്‍ കോടിയുടെ അഴിമതി നടന്നുവെന്ന് സമ്മതിക്കുമ്പോള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് കള്ളമാണ്. മിനിട്‌സ് ഇല്ലെന്നാണ് ലൈഫ് മിഷന്‍ സിഇഒ പറയുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു.