പത്തനംതിട്ട : ജനവികാരത്തിന് മുന്നിൽ മുട്ടുമടക്കേണ്ടി വന്നിട്ടും മുഖ്യമന്ത്രിയുടെ നിലപാടിൽ മാറ്റം വന്നിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംവരണ വിഭാഗങ്ങൾക്കു പിൻവാതിൽ നിയമനം ഗുരുതര പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശി ഒരു ഭരണാധികാരിക്കു ചേർന്നതല്ലെന്നും ചെന്നിത്തല മാധ്യമ പ്രവർത്തകരോടു പറഞ്ഞു.
പിഎസ്‌സി റാങ്ക് പട്ടികയിലുള്ളവരുടെ സെക്രട്ടറിയറ്റ് സമരവും സംസ്ഥാനവ്യാപക പ്രതിഷേധവും കണക്കിലെടുത്ത് കൂടുതൽ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്നു മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ 4 മാസം കൊണ്ട് ഏതാണ്ട് 1300 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി പിൻവലിക്കില്ല. അതേസമയം താൽക്കാലികക്കാർ സ്ഥിരനിയമനത്തിന് അർഹതയുള്ളവരാണെന്നും ഈ സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ അവരെ കയ്യൊഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.