തിരുവനന്തപുരം : ആഴക്കടൽ മത്സ്യബന്ധ വിവാദവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് തെറ്റിദ്ധാരണ പരത്തുന്നു എന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചത് ഇച്ഛാഭംഗം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മത്സ്യസമ്പത്തിനെ അമേരിക്കൻ കമ്പനി കൊളളയടിച്ചുകൊണ്ടുപോകുകയും മത്സ്യതൊഴിലാളികളെ പട്ടിണിയിലേക്ക് നയിക്കുകയും ചെയ്യുന്ന കടൽക്കൊളള നടത്താനുളള നീക്കം പ്രതിപക്ഷം പുറത്തുകൊണ്ടുവന്നതിനെ പ്രതിപക്ഷ നേതാവ് ചെയ്ത ഏറ്റവും വലിയ തെറ്റെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തെറ്റാണെങ്കിൽ ഇത്തരം തെറ്റുകൾ താൻ ആവർത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തോടും ജനങ്ങളോടും കൂറുളള ഒരു സർക്കാരിന് ആലോചിക്കാൻ പോലും കഴിയാത്ത കാര്യമാണ് എൽഡിഎഫ് സർക്കാർ ഇക്കാര്യത്തിൽ ചെയ്തിട്ടുളളത്. കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച മത്സ്യത്തൊഴിലാളികൾക്ക് സല്യൂട്ട് നൽകുന്നതിന് പകരം അവരെ കൊളളയടിക്കാനുളള നീക്കം നടത്തിയ സർക്കാരിന് കേരളത്തിലെ ജനങ്ങൾ മാപ്പുനൽകില്ല. സര്‍ക്കാര്‍ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയിരുന്നു. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യത്തിന്റെ അഞ്ച് ശതമാനം സര്‍ക്കാരിന് നല്‍കണം എന്ന ഓര്‍ഡിനന്‍സ് മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്നതാണ്.
എന്തടിസ്ഥാനത്തിലാണ് അത്തരമൊരു ഓര്‍ഡിനന്‍സ് എന്നും അദ്ദേഹം ചോദിച്ചു.
തെറ്റായ കാര്യങ്ങൾ പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നുവെന്ന് പറയുന്ന മുഖ്യമന്ത്രി അതേതാണ് എന്ന് വിശദീകരിക്കണം. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന ഒരുനടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കൈയോടെ പിടിക്കപ്പെട്ടപ്പോൾ എല്ലായ്പ്പോഴും ചെയ്യുന്നത് പോലെ കുറ്റം ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുളള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.