തിരുവനന്തപുരം : മല എലിയെ പ്രസവിച്ചു എന്ന പറഞ്ഞ പോലെയാണ് ഐസക്കിന്‍റെ ബജറ്റെന്നും ബജറ്റ് നിരാശജനകമാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റ് അവലോകന വാർത്താ സമ്മേളനത്തിലായിരുന്നു ചെന്നിത്തലയുടെ വിമർശനം. ശമ്പളപരിഷ്‌കരണം രണ്ട് വര്‍ഷമായി താമസിപ്പിച്ചിരിക്കുകയാണ്. ഏപ്രിലില്‍ ഉത്തരവിറക്കും എന്ന് പറഞ്ഞ് സര്‍ക്കാര്‍ ജീവനക്കാരെ കബളിപ്പിക്കുകയാണ് സർക്കാർ. കോവിഡാനന്തര കാലത്ത് ജനങ്ങളുടെ കയ്യില്‍ പണമെത്തിക്കാനോ ജനങ്ങളെ സഹായിക്കാനോ ഉള്ള ഒരു പദ്ധതിയും ബജറ്റിലില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
“സംസ്ഥാനത്ത് കമ്മി നിരന്തരമായി വര്‍ധിക്കുകയാണ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 1.57 ലക്ഷം കോടിയായിരുന്നു കടബാധ്യത. എന്നാല്‍ മൂന്ന് ലക്ഷം കോടിയാണ് സംസ്ഥാനത്തിന്‍റെ നിലവിലെ മൊത്തം കടബാധ്യത. കടമെടുത്ത് കേരളത്തെ മുടിക്കുകയാണ് സര്‍ക്കാർ. തകര്‍ന്നു കിടക്കുന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്ന ഒരു ക്രിയാത്മക നിര്‍ദേശവും ബജറ്റിലില്ല”. റബ്ബറിന്റെ താങ്ങുവില യുഡിഎഫ് സര്‍ക്കാരാണ് 150 രൂപയായി നിശ്ചയിച്ചത്. വെറും 20 രൂപ മാത്രമാണ് ഇപ്പോള്‍ കൂട്ടിയത്. അത് കര്‍ഷകര്‍ വേണ്ടെന്ന് വെക്കും എന്നാണ് തന്റെ പ്രതീക്ഷയെന്നും 280 രൂപയാക്കി വര്‍ധിപ്പിക്കേണ്ടതായിരുന്നു റബ്ബര്‍ താങ്ങുവിലയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
“കോടിക്കണക്കിന് രൂപയുടെ പ്രഖ്യാപനം കഴിഞ്ഞ ബജറ്റില്‍ നടത്തി. 5000 കോടി രൂപയുടെ ഇടുക്കി പാക്കേജും 2000 കോടി രൂപയുടെ വയനാട് പാക്കേജും 3400രൂപയുടെ കുട്ടനാട് പാക്കേജും നടപ്പായില്ല. ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി, 5000 ഏക്കറില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്, കൃഷി നിര്‍മ്മാണ വ്യവസായ മേഖലയില്‍ 15 ലക്ഷം പേര്‍ക്ക് തൊഴില്‍, മലയോര ഹൈവേക്ക് 3500 കോടി എന്നിവ നടപ്പാക്കിയില്ല. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ, 10000 പട്ടികജാതിവിഭാഗക്കാര്‍ക്ക് പുതിയ തൊഴില്‍, വൈദ്യുതി ഉള്ളവര്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍, ഗള്‍ഫ് നാടുകളില്‍ പബ്ലിക് സ്‌കൂള്‍, കടലില്‍ നിന്നുള്ള മാലിന്യത്തില്‍ നിന്ന് ഡീസല്‍, ഖരമാലിന്യത്തില്‍ നിന്ന് ഊര്‍ജ്ജമുത്പാദിപ്പിക്കുന്ന പ്ലാന്റ് തുടങ്ങീ ബജറ്റില്‍ നടപ്പാക്കാതെ പോയ പദ്ധതികള്‍ ഏറെയാണ്”.
ഒരു രൂപ പോലും ചെലവാക്കാതെപോയ കുട്ടനാട് പാക്കേജ് വീണ്ടും പ്രഖ്യാപിക്കുകയാണ് ബജറ്റില്‍ ചെയ്യുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
“10000 കോടി രൂപയുടെ തീരദേശ പാക്കേജ് പ്രഖ്യാപിച്ച് നടപ്പിലാക്കാത്തവര്‍ മത്സ്യത്തൊഴിലാളികള്‍ക്ക് 10000 വീട് വെച്ചു എന്നാണ് പറഞ്ഞിരിക്കുന്നത്. ആന്ധ്രയില്‍ സ്ഥലമേറ്റെടുത്ത് കശുമാവ് കൃഷി നടത്തുമെന്ന് പറഞ്ഞു. സ്ഥലവുമേറ്റെടുത്തില്ല. കശുമാവും കൃഷിചെയ്തില്ല. കയര്‍ മേഖലയില്‍ 10000 പേര്‍ക്ക് ജോലി നല്‍കുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ കയര്‍ മേഖല വന്‍ തിരിച്ചടി നേരിട്ടുവെന്നാണ് സാമ്പത്തിക സര്‍വ്വേ. ഓരോ ദിവസവും ഓരോ യന്ത്രവത്കൃത കയര്‍ഫാക്ടറി ആരംഭിക്കുമെന്ന് പറഞ്ഞെങ്കിലും ഒരെണ്ണം ആരംഭിച്ചിട്ടില്ല.
ഈസ് ഓഫ് ഡൂയിങ് ബിസിനസ്സിനെ കുറിച്ച് മന്ത്രിവാചാലമായി പറഞ്ഞു യുഡിഎഫിന്റെ കാലത്ത് 21 റാങ്കിങ്ങില്‍ നിന്ന് 28ലാണിപ്പോള്‍ ഈസ് ഓഫ് ഡൂയിങ്ങിൽ സംസ്ഥാനത്തിന്റെ സ്ഥാനമുള്ളത്. മൂന്ന് വ്യവസായിക ഇടനാഴികള്‍ക്ക് 5000 കോടിയാണ് നീക്കിവെക്കുന്നത്. ഓരോ വീട്ടിലും ലാപ്‌ടോപ് നല്‍കുമെന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണ്. നൂറ് ദിന പരിപാടിയില്‍ 10 ലക്ഷം ലാപ്‌ടോപ് നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതു നടന്നിട്ടില്ല. ഇങ്ങനെ പ്രഖ്യാപനങ്ങളെന്തിനാണ്. കിഫ്ബിയില്‍ 60,000 കോടിയുടെ പദ്ധതി പൂര്‍ത്തിയാക്കുമെന്ന പറഞ്ഞു. 6000 കോടി പദ്ധതിയേ പൂര്‍ത്തിയാക്കിയിട്ടുള്ളൂ”.
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുമെന്നും ഭൂമി ഏറ്റെടുക്കുമെന്നും പറയുന്നു. കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ച പദ്ധതിയാണിത്. പാരിസ്ഥിതിക അനുമതി പോലും ലഭിച്ചിട്ടില്ല എന്നിരിക്കെ തിരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടുകൊണ്ടുള്ള പാഴ് വേലയാണ് ബജറ്റെന്നും ചെന്നിത്തല പറഞ്ഞു.