ആലപ്പുഴ : അഴിമതിക്ക് കൈയും കാലും വെച്ചാല്‍ മുഖ്യമന്ത്രി പിണറായി വിജയനാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന്‍ അഴിമതിയ്ക്കെതിരെ സംസാരിക്കുന്നത് ചെകുത്താന്‍ വേദം ഓതുന്നതിന് തുല്യമാണ്. ചിലര്‍ക്ക് ചില ജന്മവാസനകളുണ്ടാകും. പുള്ളിപ്പുലിയുടെ പുള്ളി പോലെ അത് എത്ര മാറ്റിയാലും മാറില്ലെന്നും ചെന്നിത്തല പറഞ്ഞു.
വൈദ്യുതി മന്ത്രി ആയിരിക്കുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ അഴിമതിയ്ക്ക് നേതൃത്വം കൊടുത്ത ആളാണ് പിണറായി. പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ മൂന്നു ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനു വേണ്ടിയുള്ള കരാറില്‍ 374 കോടി രൂപയുടെ അഴിമതി കേസിലെ ഒന്‍പതാമത്തെ പ്രതിയാണ് ഇന്നത്തെ മുഖ്യമന്ത്രി. പഴയ കാര്യങ്ങളൊക്കെ ആളുകള്‍ മറന്നു പോയി എന്നാണ് അദ്ദേഹം കരുതുന്നത്. ലാവ്‌ലിന്‍ കേസ് ഇപ്പോഴും സുപ്രീം കോടതിയില്‍ നിലനില്‍ക്കുകയാണ്. 28 തവണയാണ് സിബിഐ തന്നെ ഇടപെട്ട് സുപ്രീം കോടതിയില്‍ മാറ്റിവെച്ചത്. പിണറായി വിജയന് ബിജെപിയിലുള്ള സ്വാധീനമാണ് ഇതിലൂടെ പുറത്തു വരുന്നത്.
ബ്രൂവറി, സ്പ്രിംക്ലെര്‍, പമ്പ മണല്‍ക്കടത്ത്, കെ ഫോണ്‍, ഇ – മോബിലിറ്റി, ആഴക്കടല്‍ ഇങ്ങനെ പുറത്തു വന്ന എല്ലാ അഴിമതിയും ചെന്ന് നില്‍ക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്. ഞാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ നിരന്തരം ഉന്നം വെയ്ക്കുന്നു എന്നാണ് മുഖ്യമന്ത്രിയുടെ പരാതി. കേരളത്തില്‍ നടക്കുന്ന എല്ലാ അഴിമതിയുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ് . അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പറ്റി പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് അറിഞ്ഞാണ് സ്വര്‍ണക്കടത്ത് നടന്നതെന്നാണ് പ്രതിയായ സ്വപ്ന സുരേഷിന്റെ മൊഴി. ഇ ഡി ഹൈക്കോടതിയില്‍ ഇത് തെളിവായി കൊടുത്തിരിക്കുകയാണ്. ആദ്യം തൊട്ടു തന്നെ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ കള്ളമായിരുന്നു.
സ്വപ്നയെ മുഖ്യമന്ത്രിയ്ക്ക് നല്ലതു പോലെ പരിചയമുണ്ടായിരുന്നിട്ടും ഏതോ ഒരു സ്ത്രീ എന്ന നിലയിലാണ് മുഖ്യമന്ത്രി പത്രസമ്മേളനങ്ങളില്‍ പറഞ്ഞിരുന്നത്. സ്വന്തം വകുപ്പിന് കീഴില്‍ കള്ള സര്‍ട്ടിഫിക്കറ്റുമായി രണ്ടു ലക്ഷം രൂപ ശമ്പളത്തില്‍ ജോലി ചെയ്തത് മുഖ്യമന്ത്രി അറിഞ്ഞില്ല എന്നാണ് പറഞ്ഞത്. എന്നാല്‍ എല്ലാം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരുന്നു എന്നാണ് സ്വപ്നയുടെ മൊഴി.
കേരളത്തില്‍ അഴിമതിക്കേസുകള്‍ കുറഞ്ഞിരിക്കുകയാണ് എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിന് അദ്ദേഹം നന്ദി പറയേണ്ടത് ചിരകാല സുഹൃത്തായ നരേന്ദ്ര മോദിയോടാണ്. അഴിമതി നിരോധന നിയമത്തില്‍ മോദി വെള്ളം ചേര്‍ത്തത് കൊണ്ടാണ് കേരളത്തില്‍ അഴിമതിക്കേസുകളുടെ എണ്ണം കുറഞ്ഞത്.
പമ്പാ മണല്‍ക്കടത്ത് കേസ് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു ഞാന്‍ വിജിലന്‍സ് കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഹൈക്കോടതിയില്‍ പോയി അന്വേഷണം സ്റ്റേ ചെയ്യിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ആ കാലാവധി പൂര്‍ത്തിയായപ്പോള്‍ വീണ്ടും രണ്ടു മാസത്തേക്ക് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാര്‍ സ്റ്റേ വാങ്ങി.
അഴിമതിയുടെ കാര്യത്തില്‍ മുഖ്യമന്ത്രിയെ കടത്തി വെട്ടുന്നയാളാണ് സ്പീക്കര്‍. അദ്ദേഹത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ കേരളം വിലയിരുത്തട്ടെ. സ്പീക്കറെ നീക്കണം എന്ന് പ്രതിപക്ഷം പറഞ്ഞപ്പോള്‍ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. രണ്ടു പേരും ചേര്‍ന്നാണ് ഇതെല്ലാം ചെയ്തത് എന്നത് കൊണ്ടാണ് മുഖ്യമന്ത്രി സ്‌പീക്കറെ സംരക്ഷിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.