തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ അമൃത വർഷത്തിലും രാജ്യത്തെ ദളിത്- ആദിവാസി വിഭാഗങ്ങളുടെ പിന്നോക്കാവസ്ഥയിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല. ഭരണഘടന ഉറപ്പാക്കിയ സംവരണ മാനദണ്ഡങ്ങൾ അട്ടിമറിച്ച് ദളിത് ജനസമൂഹത്തെ കൂടുതൽ ദരിദ്രമാക്കുകയാണ് ഭരണകൂടങ്ങൾ ചെയ്യുന്നത്. ഇതിനെതിരെ രാജ്യത്താകമാനമായി ശക്തമായ ദളിത് വിപ്ലവത്തിനു സമയമായി. ജനസംഖ്യയുടെ 16.6 ശതമാനം വരുന്ന 25 കോടിയോളം വരുന്ന ദളിത് ജനങ്ങൾ ഇന്നും പാർശ്വവൽക്കരിക്കപ്പെട്ട് പിന്തള്ളപ്പെടുകയാണ്. ഇതിനെതിരെ ശക്തമായ ദളിത് മുന്നേറ്റം ലക്ഷ്യം വെച്ച് വിശാലമായ ദളിത് കോൺക്ലേവ് നടത്താൻ ഗാന്ധിഗ്രാമം ഫൗണ്ടേഷൻ തീരുമാനിച്ചു.
കെപിസിസി പ്രസിഡന്റായിരിക്കെ 2010ൽ താൻ കേരളത്തിൽ തുടങ്ങിയ ഗാന്ധിഗ്രാമം പരിപാടി 15 വർഷം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് ദളിത് പ്രോഗ്രസിവ് കോൺക്ലേവ് 2025നു രൂപം നൽകിയത്. 14 ജില്ലകളിലായി ഇതുവരെ 25ൽപ്പരം ഗാന്ധിഗ്രാമം പരിപാടികൾ നടത്തി. ഈ പരിപാടിയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളും നിർദേശങ്ങളും അടിസ്ഥാനമാക്കിയാണ് ദളിത് പ്രോഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കക്ഷി രാഷ്ട്രീയങ്ങൾക്കതീതമായി ദളിത് മുന്നേറ്റം ലക്ഷ്യം വച്ച് വിവിധ രാഷ്ട്രീയ നേതാക്കളെയും ദളിത് ആദിവാസി മുന്നേറ്റ നായകരെയും അണിനിരത്തി ഈ മാസം 23ന് തിരുവനന്തപുരം ജഗതിയിലുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിട്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലാണ് കോൺക്ലേവ് നടത്തുന്നത്.
2010 മുതലിങ്ങോട്ട് ഓരോ പുതുവർഷ ദിവസവും വിവിധ ആദിവാസി- ദളിത് ഊരുകളും ഗ്രാമങ്ങളും സന്ദർശിച്ചു നേരിട്ടു മനസിലാക്കിയ പ്രശ്നങ്ങളും വിഷയങ്ങളും സമഗ്രമായി ചർച്ച ചെയ്യുകയും പരിഹാര നിർദേശങ്ങൾ സമാഹരിച്ച് അധികാര സ്ഥാനങ്ങളിലെത്തിക്കുകയുമാണ് കോൺക്ലേവിന്റെ ലക്ഷ്യം. ഇത്രയും സമഗ്രവും സുദീർഘവുമായ ദളിത് സമ്പർക്ക പരിപാടി സംസ്ഥാനത്ത് ഇതാദ്യമാണ്.23നു രാവിലെ 9.30നു ചേരുന്ന സമ്മേളനത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പ്രകാശ് യശ്വന്ത് അംബേദ്കർ, ടി. തിരുമാവളവൻ എംപി തുടങ്ങിയവർ പ്രസംഗിക്കും. ലോക്സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിനെ ഗവർണർ ആദരിക്കും.
വിവിധ വിഷയങ്ങൾ അടിസ്ഥാനമാക്കി മൂന്ന് സെഷനുകളായിട്ടാണ് കോൺക്ലേവിനു രൂപം നൽകിയിരിക്കുന്നത്. ദളിതരുടെ ഭരണഘടനാ അവകാശങ്ങളും അതിലെ അട്ടിമറികളുമാണ് ആദ്യത്തെ വിഷയം. മുൻ മന്ത്രി എ.പി അനിൽ കുമാർ സെഷൻ ഉദ്ഘാടനം ചെയ്യും. രമ്യ ഹരിദാസ് മോഡറേറ്ററാകും.ദളിത് ആദിവാസി ജനവിഭാഗങ്ങളുടെ ഭരണഘടനാ സംരക്ഷണവും സംവരണ അട്ടിമറികളും എന്ന വിഷയം ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ ചെറുമകനും മുൻ എംപിയും ദേശീയ ദളിത് മുന്നേറ്റ നായകനുമായ പ്രകാശ് യശ്വന്ത് അംബേദ്കർ അവതരിപ്പിക്കും.സമൂഹത്തിലും കുടുംബത്തിലും സ്ത്രീകളുടെ അധികാരം എന്ന വിഷയം അടിസ്ഥാനമാക്കി രണ്ടാമത്തെ സെഷൻ തെലുങ്കാന മന്ത്രി ദൻസാരി അനസൂയ ഉദ്ഘാടനം ചെയ്യും. പി.കെ ജയലക്ഷ്മി മോഡറേറ്ററാകും. മുൻ മന്ത്രിയും എംപിയുമായ വർഷ ഗെയ്ക് വാദ് വിഷയം അവതരിപ്പിക്കും.
ദളിത് വിഭാഗങ്ങളുടെ തൊഴിലില്ലായ്മയും ഭൂപ്രശ്നങ്ങളും സംബന്ധിച്ച മൂന്നാമത്തെ സെഷൻ കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ ഉദ്ഘാടനം ചെയ്യും. പുന്നല ശ്രീകുമാർ മോഡറേറ്ററാകും. മുൻ പി സോമപ്രസാദ് വിഷയാവതരണം നടത്തും.അവസാന സെഷനിൽ ഗാന്ധി ഗ്രാമം പരിപാടിയുടെ ഇത് വരെയുള്ള അവലോകനവും ഭാവിപരിപാടികളും എന്ന വിഷയം രമേശ് ചെന്നിത്തല അവതരിപ്പിക്കും. വൈകുന്നേരം 3.30നു ചേരുന്ന സമാപന സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രി മുകുൾ വാസ്നിക് അധ്യക്ഷത വഹിക്കും. സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ ക്ഷേമ മന്ത്രി ഒ.ആർ കേളു സമ്മേളനം ഉദ്ഘാടനം ചെയ്യുംക്കും