തിരുവനന്തപുരം: അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടി പി എസ് സി ചെയര്‍മാന്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊവിഡ് മൂലം നിയമനം നടക്കാത്ത സാഹചര്യത്തില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്കെങ്കിലും നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു.
‘മുഖ്യമന്ത്രി പെരുമാറുന്നത് സമനില തെറ്റിയതുപോലെയാണ്. അദ്ദേഹം ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. എന്തുപ്രശ്നമുണ്ടായാലും തനിക്കോ ഓഫീസിനോ ബന്ധമില്ലെന്ന സ്ഥിരം മറുപടിയാണ് അദ്ദേഹം പറയുന്നത്. വലതുകൈയായ മാദ്ധ്യമ ഉപദേഷ്ടാവിനെപ്പോലും തളളിപ്പറഞ്ഞത് കഷ്ടമായിപ്പോയി. സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും അദ്ദേഹം എല്ലാം തളളിപ്പറയുന്നു. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ടാല്‍ അദ്ദേഹത്തിന്റെ വിഭ്രാന്തി മനസിലാകും. പി എസ് സി ചെയര്‍മാന്റെ നടപടിക്കെതിരെ സി പി ഐ നേതാവ് സി. ദിവാകരന്‍ പോലും രംഗത്തെത്തി’-ചെന്നിത്തല പറഞ്ഞു.
നേരത്തേ പി എസ് സി നിയമനം ലഭിക്കാത്തതില്‍ മനംനൊന്ത് ആത്മഹത്യചെയ്ത അനുവിന്റെ വീട് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചിരുന്നു. കുടുംബത്തില്‍ മറ്റൊരാള്‍ക്ക് ജോലി നല്‍കണമെന്നും സാമ്പത്തിക സഹായം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.