ചേലക്കര : രമ്യാ ഹരിദാസിനെ മുൻനിർത്തി കോൺഗ്രസ് നേതൃത്വം ഒന്നടങ്കം സെമി കേഡറായി പ്രവർത്തിച്ചിട്ടും ചേലക്കരയുടെ മനസ്സ് ഇടതിനൊപ്പം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമെന്ന് പ്രതിപക്ഷ ആരോപണങ്ങൾക്കുള്ള മറുപടി കൂടിയാണ് ചേലക്കരയിലെ എൽഡിഎഫ് വിജയം. യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവത്തോടെ വിവാദങ്ങളെ മറികടന്നുള്ള വിജയമാണ് എൽഡിഎഫ് ചേലക്കരയിൽ സ്വന്തമാക്കിയത്. രണ്ടര പതിറ്റാണ്ടിലേറെയായി ഇടതുപക്ഷത്തിന്റെ ഉള്ളം കയ്യിലായിരുന്ന ചേലക്കര തിരികെ പിടിക്കാനാണ് രമ്യ ഹരിദാസിനെ മുൻനിർത്തി അരയും തലയും മുറുക്കി കോൺഗ്രസ് ഇറങ്ങിയത്. ദേശീയ നേതാക്കൾക്കടക്കം ചുമതല നൽകി മാസങ്ങൾ നീണ്ട പ്രചാരണം. എണ്ണയിട്ട് യന്ത്രം പോലെ ബൂത്തുകളെ പ്രവർത്തിപ്പിച്ചു. എന്നാൽ ഇടതടിത്തറയും യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവവും മറികടക്കാൻ കോൺഗ്രസിനായില്ല.
സർക്കാരിനെതിരായ ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കുമുള്ള പ്രതിരോധമാകും യു ആർ പ്രദീപിന്റെ വിജയം. രമ്യ ഹരിദാസിന് പാർലമെൻറ് തിരഞ്ഞെടുപ്പിൽ നേരിട്ടതിലും ദയനീയമായ തോൽവി ചേലക്കരയുടെ ഇടതുമനസ് സമ്മാനിച്ചു. സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാകും ചേലക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു യുഡിഎഫിന്റെ ആദ്യം മുതലുള്ളവാദം. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം മുതൽ എൽഡിഎഫ് യു ആർ പ്രദീപിന്റെ വ്യക്തിപ്രഭാവം ഉയർത്തിക്കാട്ടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ചിത്രങ്ങൾ പോലുമില്ലാതെ നടത്തിയ പ്രചാരണം. പാർട്ടി സെക്രട്ടറി പ്രസംഗത്തിനു പകരം ബൂത്ത് കമ്മറ്റികളിൽ പങ്കെടുത്ത് നടത്തിയ സംഘാടനം. എല്ലാ തന്ത്രങ്ങളും വിജയിച്ചതോടെ ഇടതോരം ചേർന്നു ചേലക്കര.