അയ്യപ്പനും കോശിയും തെലുങ്ക് റീമേക്കില്‍ ‘കോശി കുര്യനെ’ പരിചയപ്പെടുത്തി പുതിയ ടീസര്‍. തെലുങ്കിലെത്തുമ്പോള്‍ കോശി കുര്യന്, ഡാനിയല്‍ ശേഖര്‍ ആകുന്നു. റാണ ദഗുബാട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റാണയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസര്‍ റിലീസ്. ബിജു മേനോന് അവതരിപ്പിച്ച അയ്യപ്പന് നായരായി പവന് കല്യാണും തെലുങ്ക് റീമേക്കില്‍ എത്തുന്നു. ഭീംല നായക് എന്നാണ് ചിത്രത്തിന്റെ പേര്.
സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സംഭാഷണങ്ങള്‍ ഒരുക്കുന്നത് ത്രിവിക്രം ശ്രീനിവാസ് ആണ്. തമന് സംഗീതം. നിത്യ മേനോന്, സമുദ്രക്കനി എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍. ഛായാഗ്രഹണം രവി കെ. ചന്ദ്രന്. സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ നാഗ വംശിയാണ് നിര്‍മാണം. ചിത്രം ജനുവരിയില്‍ റിലീസിനെത്തും.