റാന്നി: മഴ പെയ്ത് കഴിഞ്ഞാൽ റാന്നി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിലൂടെ നടക്കണമെങ്കിൽ യാത്രക്കാർക്ക് പ്രത്യേക പരിശീലനം നേടേണ്ട അവസ്ഥയാണെന്ന് ആരോപണം. ഓരോ കുഴിയിലെയും വെള്ളത്തിൽ ചവിട്ടാതെ നടന്നു വാഹനത്തിൽ കയറുക എന്നത് ഏറെ ശ്രമകരമാണ്. മുമ്പ് പരാതികൾ ഉയർന്നപ്പോൾ സ്റ്റാൻഡിനു ഉൾഭാഗം നന്നാക്കാനായി മെറ്റൽ ഉൾപ്പെടെ ഇറക്കിയെങ്കിലും ബാക്കി പണികൾ ഒന്നും തന്നെ നടന്നില്ല. എന്നും അവഗണന മാത്രം നേരിടുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കാവട്ടെ അടിസ്ഥാന സൗകര്യങ്ങളും പരിമിതമാണ്.
ടോയ്‌ലറ്റ് സംവിധാനങ്ങളാവട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും. കൂടാതെ വെള്ളക്കെട്ട് കാരണം ദുർഗന്ധവും കൊതുകു ശല്യവുമുണ്ട്. ഇതിനു പുറമെ രണ്ടു ദിവസം മഴമാറി നിന്നാലോ സ്ഥിതി മറ്റൊന്നാണ്. അതിരൂക്ഷമായ പൊടിശല്യം കാരണം യാത്രക്കാർക്ക് ബസ് സ്റ്റാൻഡിനുള്ളിൽ വാഹനങ്ങളിൽ പോലും ഇരിക്കാൻ പറ്റാത്ത അവസ്ഥയും. ഇതിനു പുറമെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനെ നോക്കുകുത്തിയാക്കി ദൂര സ്ഥലങ്ങളിലേക്കുള്ള വാഹനങ്ങൾ സ്വകാര്യ സ്റ്റാൻഡിലാണ് നിര്‍ത്തുന്നത്. ദീർഘദൂര ബസുകൾ പോലും ഇങ്ങനെ സ്വകാര്യ ബസ് സ്റ്റാൻഡിനോട് ചേർന്ന് നിറുത്തുന്നതിനാൽ യാത്രക്കാർക്ക് ടോയ്‌ലറ്റിൽ ഉൾപ്പെടെ പോകുന്നതിനു ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്.