റാന്നി: റാന്നി സെൻ്റ് തോമസ് കോളേജ് വജ്രജൂബിലി ആഘോഷങ്ങൾ പൂർവ്വ വിദ്യാർത്ഥികളുടെയും ഗുരുജനങ്ങളുടെയും സംഗമവേദിയായി മാറി. കോളേജ് അങ്കണത്തിൽ കലഹിച്ച് കഴിഞ്ഞിരുന്നവർ പോലും പഴയ രാഷ്ട്രീയ വിരോധങ്ങൾ മറന്ന് ഒത്തുകൂടി കെട്ടിപിടിച്ചും കഥകൾ പറഞ്ഞും സൗഹൃദം പങ്കുവയ്ക്കുകയായിരുന്നു. 60 തികഞ്ഞ കോളേജിൽ വിവിധ ബാച്ചുകളിൽ പഠിച്ചവർ ഒത്തുചേർന്നപ്പോൾ പലരുടെയും മനസിലേക്ക് ഓർമ വന്നത് വാകമരങ്ങളും ഗുൽമോഹർ മരങ്ങളും തണൽ വിരിച്ചു നിൽക്കുന്ന കലാലയ മുറ്റത്ത് അരങ്ങേറിയ പഴയകാല പ്രണയ ബന്ധങ്ങളും. കോളേജ് പ്രണയം സഫലമായവർ ഒന്നിച്ചെത്തി കലാലയ മുറ്റത്തെ സെൽഫി പോയിൻ്റായും മാറ്റുകയായിരുന്നു. സമ്മേളനത്തിൻ്റെ ഭാഗമായി പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ഗുരുവന്ദനവും ശ്രദ്ധേയമായി.
ജോലിയിൽ നിന്നും വിരമിച്ച അനാധ്യാപകരും പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും ആദരവ് ഏറ്റുവാങ്ങി. പഴയ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തകർ ജോജോ കോവൂരിൻ്റെ നേതൃത്വത്തിൽ സമര മുദ്രാവാക്യങ്ങൾ മുഴക്കി പ്രധാന ഹാളിലേക്ക് വന്നപ്പോൾ ഹാളിലിരുന്ന പൂർവ്വ വിദ്യാർത്ഥികൾ കയ്യടികളോടെയാണവരെ സ്വീകരിച്ചത്. കോളേജിലെ മലയാള വിഭാഗം മേധാവി ഫാ. ഡോ. മാത്യു വാഴകുന്നത്ത് രചിച്ച് പ്രൊഫ. ശ്രുതിയും സംഘവും അവതരിപ്പിച്ച ജൂബിലി അവതരണഗാനവും ഗതകാല കാലാലയ സ്മരണകൾ ഉണർത്തുന്നതായിരുന്നു. ഒരു വർഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങൾ അടുത്ത ജൂലൈയിൽ സമാപിക്കും.