റാന്നി: സമൂഹത്തിൻ്റെ ചിന്തകളിലും പുരോഗതിയിലും വ്യക്തമായ സ്വാധീനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺസൺ ജോൺ പറഞ്ഞു. റാന്നി സെൻ്റ് തോമസ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളും ഗ്ളോബൽ അലുമിനി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘സ്വതന്ത്രമായ ചിന്തകൾ വിദ്യാർഥികൾക്ക് ഉണ്ടാക്കണം. ശരിതെറ്റുകൾ ബോധ്യമാവാൻ ചിലപ്പോൾ കാലങ്ങൾ വേണ്ടി വന്നേക്കാം. എന്നാലും പ്രതികരണ ശേഷി കൈവിടരുതെന്നദ്ദേഹം പറഞ്ഞു. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം എന്ന് നമ്മുടെ രാഷ്ട്ര പിതാവ് പറഞ്ഞു. അതുപോലെ അധ്യാപകരുടെ ജീവിതവും പ്രവർത്തിയും സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടിയാവണം. തൊഴിൽ ലഭ്യത മാത്രമാവരുത് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. പൊതു ബോധമുള്ള സമൂഹം വിദ്യാഭ്യാസത്തിലൂടെ വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.
കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിച്ചു. ഗ്ളോബൽ അലുംമ്നി അസോസിയേഷൻ പ്രസിഡൻറ് രാജു എബ്രഹാം എക്സ് എം.എൽ എ, ചന്ദ്രയാൻ ദൗത്യം വെഹിക്കിൾസ് ഡയറക്ടർ കെ.സി. രഘുനാഥപിള്ള, റവ. ഫാ. അനൂപ് സ്റ്റീഫൻ, അഡ്വ .എബ്രഹാം മാത്യു പനച്ചമൂട്ടിൽ, മാനേജ്മെൻ് കമ്മിറ്റി സെക്രട്ടറി പ്രൊഫ. റോയി മേലേൽ, ജോയിൻ്റ് സെക്രട്ടറി സാബു കണ്ണൻ കുഴയത്ത്, ഡോ. എം.കെ. സന്തോഷ്, ബിച്ചു ഐക്കാട്ടു മണ്ണിൽ പ്രിൽസിപ്പൽ ഡോ. സ്നേഹ എൽസി ജേക്കബ്, മുൻ പ്രിൻസിപ്പൽ ഡോ. ബാബു ജോസഫ് വിവിധ രാജ്യങ്ങളിൽ നിന്നും അലുംമ്നി പ്രതിനിധികളായി എത്തിയ തോമസ് മാത്യു (യു.എസ്) മേയർ എമിറേറ്റ്സ് ടോം ആദിത്യ, (യു.കെ) റെഞ്ചി വർഗീസ് ( കുവൈറ്റ്) ജിജി കെ. മാത്യു (യു.എ.ഇ) റോയി മാത്യൂ എന്നിവർ സംസാരിച്ചു.